
ഒഴിഞ്ഞ ഗ്യാലറികളിലെ മൂകത, സ്കോര്‍ബോര്‍ഡില്‍ വലിയ ചലനങ്ങളില്ലാതെ ഒരു സ്ലോ പേസ് സിനിമ പോലെ തുടര്‍ന്നിരുന്ന മത്സരങ്ങള്‍. വനിത ക്രിക്കറ്റ് ലോകകപ്പിന്റെ കഥ അങ്ങനെയൊക്കെയായിരുന്നു. പുരുഷ ലോകകപ്പുകളിലേക്ക് മാത്രം ആകാംഷ നിറയുകയും മറുവശത്ത് ആരുമറിയാതെ പോകുന്ന ഒരു ടൂര്‍ണമെന്റായി വനിത ലോകകപ്പ് നിലകൊണ്ട കാലം. ഇംഗ്ലണ്ടും ഓസ്ട്രേലിയയും മാറിമാറി കിരീടമുയര്‍ത്തിയ രാവുകള്‍. 2017 വനിത ഏകദിന ലോകകപ്പ്. അതൊരു ഗെയിം ചേഞ്ചറായിരുന്നു. അക്കാലം വരെയുള്ള വനിത ലോകകപ്പുകളെടുത്താല്‍, അത്രത്തോളം കാണികളെ ആകര്‍ഷിച്ച മറ്റൊന്ന് കണ്ടെത്താനായേക്കില്ല.
അവിടെ നിന്നുള്ള വനിത ക്രിക്കറ്റിന്റെ വളര്‍ച്ച, അത് അമ്പരപ്പിക്കുന്ന ഒന്നാണ്. അമ്പരപ്പിക്കുന്ന ഒന്നാണ് എന്ന് പറയുന്നതിനേക്കാള്‍ ഉചിതം, അവര്‍ അര്‍ഹിക്കുന്ന സ്വീകാര്യത കൊടുക്കാൻ ആരാധകര്‍ മടിച്ചപ്പോള്‍ അവര്‍ അത് നേടിയെടുത്തുവെന്ന് പറയുന്നതായിരിക്കും ശരി. വനിത ബിഗ് ബാഷ് ലീഗും വിമണ്‍സ് പ്രീമിയര്‍ ലീഗുമൊക്കെ വനിത ക്രിക്കറ്റിന്റെ സ്റ്റാൻഡേര്‍ഡ് ഉയര്‍ത്തിയത് വലിയ അളവിലാണ്. അതിന്റെ ഒരു പിനാക്കിളായിരിക്കും ഇത്തവണത്തെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് എന്ന് സംശയിക്കേണ്ടതില്ല. കാരണം വനിത ക്രിക്കറ്റിന് ഇന്ത്യയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത അത്രത്തോളം വലുതാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്‍ നിന്ന് ഈ ലോകകപ്പിലേക്ക് എത്തുമ്പോള്‍ ക്രിക്കറ്റ് നിലവാരത്തിലും സ്കോറിങ്ങിലും സംഭവിച്ച ഷിഫ്റ്റ് ചെറുതല്ല. ലോകകപ്പ് സൈക്കിളുകള്‍ തന്നെയെടുത്ത് ഉദാഹരിക്കാം. ഒരു ലോകകപ്പ് സൈക്കിളെന്ന് പറയുന്നത് ഒരു ലോകകപ്പ് പൂര്‍ത്തിയയതിന് ശേഷം അടുത്ത ലോകകപ്പ് ഫൈനല്‍ വരെയുള്ള കാലഘട്ടമാണ്. 2000 മുതല്‍ 2005 വരെയുള്ള ലോകകപ്പ് സൈക്കിളെടുത്താല്‍ വനിത ക്രിക്കറ്റില്‍ 300ലധികം സ്കോര്‍ ചെയ്തത് രണ്ട് തവണ മാത്രമായിരുന്നു. എന്നാല്‍, 2022 മുതല്‍ 25 വരെയുള്ള സൈക്കിളെടുത്താല്‍ രണ്ട് എന്നുള്ള സംഖ്യ 34 ആയി പരിണമിച്ചതായി കാണാനാകും. 2000-05 സൈക്കിളിലെ ശരാശരി റണ്‍റേറ്റ് 3.59 ആയിരുന്നെങ്കില്‍ നിലവിലത്തേതില്‍ ഇത് അഞ്ചിന് മുകളിലാണ്, ചരിത്രത്തില്‍ തന്നെ ആദ്യം.
ഹൈ സ്കോറിങ് മത്സരങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. ഈ മാസം നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 781 റണ്‍സായിരുന്നു പിറന്നത്. ബെത്ത് മൂണിയുടേയും സ്മൃതി മന്ദനയുടേയും അസാധ്യ ബാറ്റിങ്ങായിരുന്നു ഇത്തരമൊരു റണ്‍മല ഉയരാൻ കാരണമായത്. കഴിഞ്ഞ ലോകകപ്പ് സൈക്കിളില്‍ നിന്ന് ഇത്തവണത്തേതിലേക്ക് എത്തുമ്പോള്‍ റണ്‍നിരക്കില്‍ മറ്റ് ടീമുകള്‍ക്കുണ്ടായ ഉയര്‍ച്ച ചെറുതാണെങ്കില്‍ ഇന്ത്യക്ക് അങ്ങനയല്ല. ശരാശരി റണ്‍റേറ്റ് 4.6ല്‍ നിന്ന് 5.6 ആക്കി ഉയര്‍ത്താനായി, വര്‍ധനവ് 21 ശതമാനമാണ്. ശ്രീലങ്കയ്ക്കാണ് കൂടുതല്‍ വര്‍ധനവ് ഉണ്ടാക്കാനായതെങ്കിലും ഇന്ത്യയെപ്പോലെ സ്ഥിരതയോടെ വിജയിക്കാൻ സാധിച്ചിട്ടില്ല. ന്യൂസിലൻഡ് ഒഴികെ മറ്റെല്ലാ ടീമുകള്‍ക്കും ശരാശരി റണ്‍റേറ്റ് ഈ സൈക്കിളില്‍ ഉയര്‍ത്താനായി.
ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ വിക്കറ്റിലാണ് കൂടുതലും ഹൈ സ്കോറിങ് മത്സരങ്ങള്‍ സംഭവിച്ചിട്ടുള്ളതും. അതുകൊണ്ട് ഏകദിന ലോകകപ്പില്‍ റണ്‍ ഫെസ്റ്റ് തന്നെ നടക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ, വനിത ക്രിക്കറ്റിലെ കൂറ്റൻ സ്കോറുകള്‍ക്ക് പിന്നില്‍ അനുകൂലമായ വിക്കറ്റുകള്‍ മാത്രമല്ല കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്. ബാറ്റിങ് ഡെപ്ത് വര്‍ധിപ്പിക്കാൻ എല്ലാ ടീമുകള്‍ക്കും സാധിച്ചിട്ടുണ്ട്. ഇന്ത്യയെ തന്നെ ഉദാഹരണമായി എടുത്താല്‍, ഒരുകാലത്ത് മിതാലി രാജ് - അഞ്ജും ചോപ്ര മാത്രമായിരുന്നു, പിന്നീട് മിതാലി, സ്മൃതി, ഹര്‍മൻ. എന്നാല്‍, ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ ബാറ്റിങ് നിരയില്‍ ഏട്ടാം നമ്പര്‍ വരെ പ്രതീക്ഷയര്‍പ്പിക്കാൻ കഴിയുന്ന താരങ്ങളാണ്.
അതുകൊണ്ട് തന്നെ ഡെത്ത് ഓവറുകളിലെ സ്കോറിങ് നിരക്കും ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ് തുടങ്ങിയ ടീമുകളുടെ ഡെത്ത് ഓവറുകളിലെ ശരാശരി റണ്‍റേറ്റ് ഈ സൈക്കിളില്‍ ഏഴിന് മുകളിലാണ്. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവരുടെ മാത്രമാണ് ആറിന് താഴെയുള്ളത്.
ബാറ്റിങ്ങില്‍ മാത്രമല്ല, ബൗളിങ്ങിലും ചില തന്ത്രങ്ങള്‍ മാറിമറിഞ്ഞിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് സ്പിന്നര്‍മാരുടെ ആധിപത്യം വര്‍ധിച്ചുവെന്നതാണ്. 2022ന് ശേഷം പത്ത് ബൗളര്‍മാരാണ് 40ലധികം വിക്കറ്റ് നേടിയിട്ടുള്ളത്, അതില്‍ എട്ടും സ്പിന്നര്‍മാരാണ്. ലോകകപ്പില്‍ സ്പിന്നര്‍ കൂടുതല്‍ ആസ്വദിക്കുക ലങ്കയിലെ വിക്കറ്റുകളായിരിക്കും ഇന്ത്യയിലേതിനേക്കാള്‍. ഇത്തവണത്തെ ലോകകപ്പ് വനിത ക്രിക്കറ്റിലെ മറ്റൊരു ബെഞ്ച് മാര്‍ക്കാകുമെന്നത് ഏറെക്കുറെ ഉറപ്പിക്കാനാകും. ഗ്യാലറികളില്‍ മൂകത നിറഞ്ഞ കാലം കഴിഞ്ഞിരിക്കുന്നു, ഇരിപ്പിടങ്ങള്‍ നിറയും, സ്കോര്‍ബോര്‍ഡില്‍ ചലനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കും. ആവേശം അലതല്ലും. ഇത് ഇനി തുടരുകയും ചെയ്യും...