
ഒരുപതിറ്റാണ്ടിന്റെ ദൂരമുണ്ട് ആ ഫ്രെയിമിലേക്ക്, ആറ് വര്‍ഷത്തെ ഉണങ്ങാത്ത മുറിവിന്റെ നീറ്റലുണ്ട്...
കൈവിരലുകളീലൂടെ ഗ്യാലറിയില്‍ ഒരു റ്റിഫോ പടരുകയാണ്. അത് പൂര്‍ണതയിലേക്ക് എത്തുന്ന നിമിഷം. ഏലിയൻസ് ആരീനയിലെ ഗോള്‍പോസ്റ്റിന് അരികിലുണ്ടായിരുന്ന ക്യാമറുകളുടെ ഷട്ടര്‍ വല്ലാത്ത വേഗതയില്‍ മിടിക്കുകയാണ്. ആ നിമിഷം ഏറ്റവും സുന്ദരമായി തന്നെ അവര്‍ക്ക് പകര്‍ത്തണമായിരുന്നു...
അത് ഒരു ആവര്‍ത്തന ചിത്രമായിരുന്നു, ഇനി ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുള്ള, ബോധ്യമുള്ള, കണ്ണ് നനയിക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ ആവര്‍ത്തനം...
ബെര്‍ളിനിലെ ബാഴ്‌സലോണയുടെ കിരീടരാത്രി. ഗ്യാലറിയിലും മൈതാനത്തും ആനന്ദം അലതല്ലുമ്പോഴും കൗതുകമായത് ഒരു കുരുന്നു ബാലികയായിരുന്നു. ബാഴ്‌സയുടെ പതാകയേന്താനുള്ള കഠിനമായ ശ്രമത്തിലായിരുന്നു അവള്‍. തന്നേക്കാള്‍ പൊക്കമുള്ള, തന്നേക്കാള്‍ വലിപ്പമുള്ള ഒരു പതാക...
ബാഴ്‌സയുടെ വിഖ്യാതമായ ജഴ്‌സിയായിരുന്നു അവള്‍ അണിഞ്ഞിരുന്നത്. എട്ടാം നമ്പറിന് കീഴിലായി അവളുടെ പേരുണ്ടായിരുന്നു, ഷന. അന്ന് അവള്‍ക്ക് പ്രായം അഞ്ച് വയസാണ്. അവള്‍ക്ക് ആ പതാക മൈതാനത്ത് നാട്ടണമായിരുന്നു. ഇതെല്ലാം ഒരു ചെറുപുഞ്ചിരിയോടെ ഒരാള്‍ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു, അവളുടെ പിതാവ്, ലൂയിസ് എൻറിക്വെ
ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ അയാള്‍ ഷനയുടെ അടുത്തേക്ക് നടന്നെത്തി. ആ കൈകളോട് ചേര്‍ന്ന് അവള്‍ ആ പതാക മൈതാനത്ത് നാട്ടി. ഷനയെ വാരിപൂണര്‍ന്നു എൻറിക്വെ, മിശിഹായുടേയും സുല്‍ത്താന്റെയും ചാമ്പ്യൻസ് ലീഗ് സ്വപ്നം സാക്ഷാത്കരിച്ചവൻ മകളെ തോളിലേറ്റി. അവളോളമുള്ള ചാമ്പ്യൻസ് ലീഗ് കിരീടത്തിന് മുകളിലിരുത്തി...
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഷനയേക്കുറിച്ച് എൻറിക്വെയുടെ ട്വിറ്ററില്‍ ഒരു എഴുത്ത് പ്രത്യക്ഷപ്പെട്ടു. ഞങ്ങളുടെ മകള്‍ ഷന ഒൻപതാം വയസില്‍ ഞങ്ങളെ വിട്ടുപിരിഞ്ഞിരിക്കുന്നു. അഞ്ച് മാസം അവള്‍ ഓസ്റ്റിയോസാക്രോമയോട് പോരാടി. ഞങ്ങള്‍ നിന്നെ എന്നും ഓര്‍ക്കും, ഭാവിയിലൊരു ദിവസം നമ്മള്‍ വീണ്ടും കണ്ടുമുട്ടും. നമ്മുടെ കുടുംബത്തെ നയിക്കുന്ന നക്ഷത്രമായിരിക്കും നീ, വിശ്രമിക്കുക കുഞ്ഞേ...
ഓസ്റ്റിയോസാക്രോമ എന്ന് വിളിപ്പേരുള്ള എല്ലിനെ ബാധിക്കുന്ന അര്‍ബുദമായിരുന്നു ആ ചിരി മായിച്ചത്. മരണം ഉണങ്ങാത്ത മുറിവാണ്, അതിന്റെ നീറ്റല്‍ നമ്മളുള്ളിടത്തോളം നിലനില്‍ക്കും. പക്ഷേ, വിട്ടുപിരിഞ്ഞവരേക്കുറിച്ചുള്ള നിമിഷങ്ങള്‍ നിങ്ങളെ സന്തോഷപ്പിക്കുന്നെങ്കില്‍ ആ നീറ്റലിന്റെ ആഴമിത്തിരി കുറയും...
കാലം കടന്നുപോയി, കാലം മായ്ക്കാത്ത മുറിവുകളുമുണ്ട്. 2025 ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ഒരിക്കല്‍ക്കൂടി എൻറിക്വെ. അയാളുടെ സംഘം പാരിസ് സെന്റ് ജര്‍മനാണ്. എതിരാളികള്‍ ഇന്റര്‍മിലാനും. ഫൈനലിന് മുന്നോടിയായി എൻറിക്വെ മാധ്യമങ്ങളോട് പറഞ്ഞു.
എന്റെ മകള്‍ ബാഴ്‌സലോണയുടെ പതാക മൈതാനത്ത് നാട്ടുന്ന മനോഹരമായ ഒരു ചിത്രം എന്റെ പക്കലുണ്ട്. പിഎസ്‌ജിയുടെ പതാക അങ്ങനെ നാട്ടാൻ ഞാൻ ആഗ്രഹിക്കുകയാണ്. ശരീരംകൊണ്ട് അവള്‍ എനിക്കൊപ്പമുണ്ടാകില്ലായിരിക്കാം. പക്ഷേ, ആത്മീയമായി എന്റെ കുട്ടിയുണ്ടാകും...
ഏലിയൻസ് അരീനയില്‍ അവസാന വിസില്‍ മുഴങ്ങി. അപ്പോഴേക്കും മിലാന്റെ വലയില്‍ എൻറിക്വെയുടെ കുട്ടികള്‍ അഞ്ച് തവണ പന്ത് നിക്ഷേപിച്ചിരുന്നു. പിഎസ്‌ജിക്ക് ആദ്യ ചാമ്പ്യൻസ് ലീഗ്.
കൈവിരലുകളീലൂടെ ഗ്യാലറിയില്‍ ഒരു റ്റിഫോ പടരുകയാണ്. റ്റിഫോയില്‍ ഷനയ്ക്കൊപ്പം മൈതാനത്ത് പിഎസ്ജിയുടെ പതാക നാട്ടുന്ന എൻറിക്വെ. മൈതാനത്ത് ഷന ഫൗണ്ടേഷന്റെ ടി ഷര്‍ട്ടണിഞ്ഞ് എൻറിക്വെ. അയാളുടെ കണ്ണുനിറയുന്നുണ്ടായിരുന്നു...വൈകാരികമെന്നല്ലാതെ ഈ നിമിഷത്തെ എങ്ങനെ പറയാനാകും.
അതുതന്നെ എൻറിക്വേയും ആവര്‍ത്തിച്ചു. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും അവര്‍ ചിന്തിച്ചുവെന്നത് മനോഹരമായ ഒന്നാണ്. എന്റെ കുട്ടിയെക്കുറിച്ചോര്‍ക്കാൻ എനിക്കൊരു ജയമോ ഒരു ചാമ്പ്യൻസ് ലീഗൊ ആവശ്യമില്ല. ഞാൻ അവളെക്കുറിച്ച് എന്നുമോര്‍ക്കും. അവള്‍ ഞങ്ങളോടൊപ്പമുണ്ട്, അവളുടെ സാമിപ്യം തോല്‍വികളിലും എനിക്ക് അനുഭവിക്കാനാകും.
ഒരുമിച്ചുള്ള നിമിഷത്തെക്കുറിച്ച് ഓര്‍ക്കുക എന്നതാണ്. ഷന എന്നും ഒപ്പമുണ്ട്. ഞങ്ങൾ അവളെ സ്നേഹിക്കുന്നു, എന്നും അവളെ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നു...മത്സരശേഷം എൻറിക്വെ പറഞ്ഞു.
മൈതാനത്തിനുമപ്പുറമാണ് ഫുട്ബോള്‍, അത് വൈകാരികമാണ്. മരണം നല്‍കുന്ന വൈകാരിക വീഴ്ചകള്‍ക്ക് നല്ല ഓര്‍മകള്‍ക്കൊണ്ട് പരിഹാരമെന്ന് എൻറിക്വെ തെളിയിക്കുകയാണ്...സ്നേഹം എൻറിക്വെ..