അഭിനവ് ബിന്ദ്ര ടാര്‍ഗറ്റ് ഒളിംപിക് പോഡിയം അധ്യക്ഷന്‍

By Web DeskFirst Published Jan 28, 2017, 4:40 AM IST
Highlights

ദില്ലി: ഒളിംപിക്‌സ് ഒരുക്കങ്ങള്‍ക്കായി കേന്ദ്ര കായിക മന്ത്രാലയം രൂപീകരിച്ച ടാര്‍ഗറ്റ് ഒളിംപിക് പോഡിയം അധ്യക്ഷസ്ഥാനത്ത് നിന്ന് അഞ്ജു ബോബി ജോര്‍ജ്ജിനെ നീക്കി. ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ നേതൃത്വത്തിലുള്ള പത്തംഗ സമിതിയെ ഉള്‍പ്പെടുത്തി കായികമന്ത്രി വിജയ് ഗോയല്‍ ടാര്‍ഗറ്റ് ഓളിംപിക് പോഡിയം പുന:സംഘടിപ്പിച്ചു.

ഒളിംപ്യന്‍ പി ടി ഉഷ, കര്‍ണം മല്ലേശ്വരി, പ്രകാശ് പദുക്കോണ്‍, അഞ്ജലി ഭഗവത്, ഇന്ത്യന്‍ ബോക്‌സിംഗ് കൗണ്‍സില്‍ അധ്യക്ഷനും മലയാളിയുമായ മുരളീധര്‍ രാജ എന്നിവര്‍ സമിതി അംഗങ്ങളാണ്. ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ ഖന്ന, റെയില്‍വെ സ്പോര്‍ട്സ് പ്രമോഷന്‍ ബോര്‍ഡ് സെക്രട്ടറി രേഖാ യാദവ്, സായി ഡയറക്ടര്‍ എസ്എസ് റോയ്, ജോയിന്റ് സെക്രട്ടറി ഇന്ദര്‍ ദാമിജ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ഒരുവര്‍ഷമായിരിക്കും ഒളിംപിക് പോഡിയം സമിതിയുടെ കാലാവധി. പിന്നീട് ആവശ്യമെങ്കില്‍ ഇത് ദീര്‍ഘിപ്പിക്കും. 2020 ടോക്കിയോ ഒളിംപിക്സിലും 2024 ഓളിംപിക്സിലും മെഡല്‍ നേടാന്‍ സാധ്യതയുള്ള താരങ്ങളെ കണ്ടെത്തി പരിശീലനം ഉറപ്പാക്കുകയാണ് സമിതിയുടെ ചുമതല. തെരഞ്ഞെടുക്കപ്പെടുന്ന കായികതാരങ്ങള്‍ക്ക് പരിശീലനത്തിന് സര്‍ക്കാര്‍ ധനസഹായമുണ്ടാകും. 2015ലാണ് സര്‍ക്കാര്‍ ഒളിംപിക് പോഡിയം പദ്ധതി പ്രഖ്യാപിച്ചത്. മുന്‍ ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറായിരുന്നു ആദ്യ അധ്യക്ഷന്‍. ആ സമിതിയില്‍ അഭിനവ് ബിന്ദ്രയും അംഗമായിരുന്നു. പിന്നീട് റിയോ ഒളിംപിക്സില്‍ പങ്കെടുക്കാനായി ബിന്ദ്ര സമിതി അംഗത്വം രാജിവെയ്ക്കുകയായിരുന്നു.

 

click me!