2026-ൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് 146 ടി20 മത്സരങ്ങളടങ്ങിയ ഒരു വലിയ ആഘോഷമാണ്.
മുംബൈ: 2026ല്‍ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത് ട്വന്റി 20 പൂരം. ആറ് മാസത്തിനിടെ 146 ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യയില്‍ നടക്കുക. പുരുഷന്‍മാര്‍ കളിക്കുക 124 ട്വന്റി 20യില്‍. അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യ - ന്യൂസിലന്‍ഡ് പരമ്പരയോടെ ട്വന്റി 20 പൂരത്തിന് തുടക്കം. ആദ്യ മത്സരം ജനുവരി 21ന്. ഫെബ്രുവരിയില്‍ ട്വന്റി 20 ലോകകപ്പ് പോരാട്ടങ്ങള്‍. ഇന്ത്യയിലെ അഞ്ച് വേദികളില്‍ 35 മത്സരങ്ങള്‍. ഒപ്പം സാന്നാഹമത്സരങ്ങള്‍. ട്വന്റി 20 ലാകകപ്പില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കിരീടം നിലനിര്‍ത്തുകയാണ് സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും വെല്ലുവിളി.
ലോകകപ്പിലെ ശേഷിച്ച 20 മത്സരങ്ങള്‍ ശ്രീലങ്കയില്‍. പിന്നാലെ 84 മത്സരങ്ങളുള്ള ഐപിഎല്‍. വനിതാ പ്രീമിയര്‍ ലീഗില്‍ 22 മത്സരങ്ങളും. ഈ ട്വന്റി അതിപ്രസരത്തിനിടെ ഈവര്‍ഷം സ്വന്തം നാട്ടില്‍ ഇന്ത്യ കളിക്കുക ഒറ്റ ടെസ്റ്റില്‍ മാത്രം, അഫ്ഗാനിസ്ഥാനെതിരെ. ഇതിനിടെ ഇന്ത്യക്ക് കളിക്കേണ്ടത് ഏകദിനം. ജൂലൈയിലാണ് ഇന്ത്യയുടെ ആദ്യ വിദേശ പരന്പര. ഇംഗ്ലണ്ടില്‍ കളിക്കുക അഞ്ച് ട്വന്റി 20യും മൂന്ന് ഏകദിനവും.
അതേസമയം പുതുവര്‍ഷത്തില്‍ കായിക പ്രേമികള്‍ക്ക് മൊത്തത്തില്‍ ആഘോഷിക്കാനുള്ളതുണ്ട്. ടി20 ലോകകപ്പിന് പുറമെ ഫിഫ ലോകകപ്പും ഈ വര്‍ഷമാണ്. 2026ലെ ഏറ്റവും വലിയ കായികോത്സവം ഫിഫ ലോകകപ്പ്. അമേരിക്ക, മെക്‌സിക്കോ, കാനഡ രാജ്യങ്ങള്‍ സംയുക്ത വേദിയാവുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ജൂണ്‍ പതിനൊന്ന് തുടക്കം. ചരിത്രത്തില്‍ ആദ്യമായി 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പിലെ കിരീടപ്പോരാട്ടം ജൂലൈ പത്തൊന്‍പതിന്. ഹോക്കി ലോകകപ്പും ഏഷ്യന്‍ ഗെയിംസുമെല്ലാം ഈ കായിക വര്‍ഷത്തെ സമ്പന്നമാക്കും.
ഗ്രാന്‍സ്ലാം ടെന്നിസിന് തുടക്കമാവുന്ന ജനുവരി 12മുതല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണോടെ. മാര്‍ച്ച് എട്ടിന് ഓസ്‌ട്രേലിയന്‍ ഗ്രാന്‍പ്രിയോടെ ഫോര്‍മുല വണ്ണില്‍ കാറുകള്‍ ചീറിപ്പായും. യുവേഫ ചാന്പ്യന്‍സ് ലീഗ് ഫൈനല്‍ മേയ് മുപ്പതിന്. ഓഗസ്റ്റ് 22ന് വേള്‍ഡ് അത്‌ലറ്റിക്‌സ് കോണ്ടിനെന്ല്‍ ടൂറിന് ഇന്ത്യ വേദിയാവുമ്പോള്‍ വേള്‍ഡ് അത്‌ലറ്റിക്‌സ് അള്‍ട്ടിമേറ്റ് ചാന്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ.

