
കൊളംബോ: തൊലിയുടെ നിറത്തിന്റെ പേരില്‍ താന്‍ നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ഇന്ത്യന്‍ ടെസ്റ്റ് ടീം ഓപ്പണര്‍ അഭിനവ് മുകുന്ദ്. കറുത്തവനായതിന്റെ പേരില്‍ വംശീയമായി നിരവധി തവണ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും താന്‍ കാര്യമാക്കിയിട്ടില്ലെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അഭിനവ് പറയുന്നു.
അനുകമ്പ പിടിച്ച് പറ്റുന്നതിനല്ല താനിത് എഴുതുന്നതെന്നും അഭിനവ് കുറിപ്പില്‍ വ്യക്തമാക്കുന്നു.
അഭിനവിന്റെ കുറിപ്പില്‍ നിന്ന്
പത്തു വയസുമുതല്‍ ക്രിക്കറ്റ് കളിക്കുന്ന ഞാന്‍ പടിപടിയായി ഉയര്‍ന്നാണ് ഇന്ന് ഞാന്‍ ഇവിടെവരെ എത്തിയത്.രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുന്നത് ഏതൊരു കായിക താരത്തെ സംബന്ധിച്ചിടത്തോളവും അഭിമാനമാണ്. ഏതെങ്കിലും തരത്തിലുള്ള അനുകമ്പ പിടിച്ചുപറ്റുന്നതിനായല്ല ഞാന്‍ ഈ കുറിപ്പെഴുതുന്നത്. എന്നെ വളരെ അധികം ആശങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്ന വിഷയത്തില്‍ ഏതെങ്കിലും തരത്തില്‍ ആളുകളുടെ മനോഭാവം മാറ്റാന്‍ കഴിഞ്ഞെങ്കിലും എന്ന പ്രതീക്ഷയോടെയാണ്.
പതിനഞ്ചാം വയസുമുതല്‍ ക്രിക്കറ്റ് കളിക്കാനായാ രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യുന്നയാളാണ് ഞാന്‍. യുവതാരമായിരിക്കുമ്പോഴെ എന്റെ തൊലി നിറത്തെക്കുറിച്ച് ആളുകള്‍ ഇങ്ങനെ വേവലാതിപ്പെടുന്നത് എനിക്കെന്നും ഒരു ദുരൂഹതയായിരുന്നു. രാത്രിയും പകലും സൂര്യന് കീഴെയും അല്ലാതെയും ഞാന്‍ ക്രിക്കറ്റ് കളിച്ചിരുന്നു. സ്വഭാവികമായും ഞാന്‍ കരുവാളിച്ച് പോയി. ക്രിക്കറ്റിനെ കുറിച്ച് അറിയുന്ന ഏതൊരാള്‍ക്കും ഇത് മനസിലാവും. അതില്‍ എനിക്കൊരു വിഷമവുമില്ല. ഞാന്‍ എന്തിനെയാണോ ഏറെ സ്നേഹിക്കുന്നത് അതിനുവേണ്ടിയാണിതെല്ലാം എന്ന് എനിക്കറിയാമായിരുന്നു. രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരങ്ങളിലൊന്നായ ചെന്നൈയില്‍ നിന്നാണ് ഞാന്‍ വരുന്നത്.എന്റെ യൗവനത്തിന്റെ നല്ല ഒരു സമയം ഞാന്‍ ക്രിക്കറ്റ് മൈതാനത്താണ് ചെലവിട്ടത്.
എന്റെ നിറത്തിന്റെ പേരില്‍ നിരവധി പേര്‍ എന്നെ പലപേരും പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും എന്നെ അലട്ടിയിട്ടില്ല. കാരണം എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു. കളിയാക്കലുകളും അധിക്ഷേപവുമെല്ലാം എന്നെ കൂടുതല്‍ കരുത്തനാക്കിയതേയുള്ളു. പലപ്പോഴും ഞാന്‍ ഇത്തരം കളിയാക്കലുകളെ അവഗണിക്കാറാണ് പതിവ്. ഞാനിത് പറയുന്നത്, എനിക്കുവേണ്ടി മാത്രമല്ല, എന്നെപ്പോലെയുള്ള തൊലിയുടെ നിറത്തിന്റെ പേരില്‍ വിവേചനം നേരിടുന്ന രാജ്യത്തെ നിരവധിപേര്‍ക്ക് വേണ്ടിയാണ്.
സമൂഹ മാധ്യമങ്ങളുടെ വരവോടെ അധിക്ഷേപങ്ങള്‍ക്ക് മേല്‍ യാതൊരു നിയന്ത്രണവുമില്ലാതായി. സൗന്ദര്യമെന്നാല്‍ വെളുത്ത നിറമല്ല. സ്വന്തം നിറത്തില്‍ ആന്ദിക്കുക.
സത്യസന്ധനായിരിക്കുക, ലക്ഷ്യബോധമുള്ളവരായിരിക്കുക, നിങ്ങളുടെ തൊലിയുടെ നിറത്തില്‍ അഭിമാനിക്കുക-അഭിനവ് മുകുന്ദ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!