ഏഷ്യന്‍ കപ്പ്: യു എ ഇയുടെ ഇരട്ട ഗോള്‍, നിര്‍ഭാഗ്യം; ഇന്ത്യയ്ക്ക് കണ്ണീര്‍

By Web TeamFirst Published Jan 10, 2019, 11:26 PM IST
Highlights

എ എഫ് സി ഏഷ്യന്‍ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ മാജിക് കാത്തിരുന്നവര്‍ക്ക് നിരാശ‍. എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യയെ യു എ ഇ തളച്ചു. 

അബുദാബി: എ എഫ് സി ഏഷ്യന്‍ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ മാജിക് കാത്തിരുന്നവര്‍ക്ക് നിരാശ‍. എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യയെ യു എ ഇ തളച്ചു. ഖല്‍ഫാന്‍ മുബാറക്കും(41), അലി അഹമ്മദും(88) ആണ് ഗോള്‍ നേടിയത്. ആദ്യ പകുതിയിലുള്‍പ്പെടെ ഒട്ടേറെ സുവര്‍ണാവസരങ്ങള്‍ പാഴാക്കിയെങ്കിലും പോരാടിയാണ് ഇന്ത്യ കീഴടങ്ങിയത്. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ച യു എ ഇയുടെ തന്ത്രം വിജയിക്കുകയായിരുന്നു.

കഴിഞ്ഞ കളിയിലെ മിന്നലാട്ടം ഇക്കുറി നായകന്‍ സുനില്‍ ഛേത്രിക്ക് ആവര്‍ത്തിക്കാനായില്ല. എന്നാല്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ രണ്ടാം മത്സരത്തിലും മികച്ചുനിന്നു. ഗോള്‍ബാറിന് കീഴെ ഗുര്‍പ്രീതും തിളങ്ങി. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധത്തിലെ പിഴവില്‍ നിന്നായിരുന്നു എതിരാളികളുടെ ഗോളുകള്‍ എന്നത് ഇന്ത്യയുടെ നിറംകെടുത്തി. യു എ ഇ ഗോളിയും ഗോള്‍ ബാറും ഇന്ത്യക്ക് വില്ലനുമായി.

ആദ്യ പകുതി

യു എ ഇയുടെ ആക്രമണത്തോടെയാണ് മത്സരത്തിന് കിക്കോഫായത്. രണ്ടാം മിനുറ്റില്‍ സാല്‍മിന്‍റെ ലോംഗ് ബോള്‍ ഗുര്‍പ്രീത് തട്ടിത്തെറിപ്പിച്ചു. 12-ാം മിനുറ്റില്‍ ഛേത്രിയുടെ പാസില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ ഉതിര്‍ത്ത ഇടംങ്കാലന്‍ ഷോട്ട് ഗോളിയില്‍ അവസാനിച്ചു. ഇതിനുപിന്നാലെ ഛേത്രിയുടെ ഒരു ഷോട്ടിനും ഗോള്‍വര കടന്നില്ല. ഇതിനിടെ ഗോളി ഗുര്‍പ്രീതിന്‍റെ സേവുകളും ആശിഖ് കുരുണിയന്‍റെ നീക്കങ്ങളും ഇന്ത്യക്ക് ആശ്വാസമായി. 

എന്നാല്‍ 35 മിനുറ്റുകള്‍ പിന്നിട്ട ശേഷം ആദ്യ നിമിഷങ്ങള്‍ ഓര്‍മ്മിപ്പിച്ച് യു എ ഇ വീണ്ടും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയത് ഇന്ത്യക്ക് തലവേദനയായി. ഇതിന്‍റെ റിസല്‍റ്റ് 41-ാം മിനുറ്റില്‍ യു എ ഇയ്ക്ക് ലഭിച്ചു. അലി അഹമ്മദിന്‍റെ പാസില്‍ ഖല്‍ഫാന്‍ വലകുലുക്കി. രണ്ട് മിനുറ്റുകള്‍ക്ക് ശേഷം സമനില നേടാനുള്ള അവസരം ഛേത്രി പാഴാക്കി. ഫിനിഷിംഗിലെ പിഴവില്‍ പന്ത് ബാറിനെയുരുമി കടന്നുപോയി.  ഇതോടെ ഇന്ത്യ ലീഡ് വഴങ്ങി ആദ്യ പകുതിക്ക് പിരിയുകയായിരുന്നു.

രണ്ടാം പകുതി

രണ്ടാം പകുതിയില്‍ ഇന്ത്യ ഓടിത്തളര്‍ന്നു. ഇതേസമയം അപ്രതീക്ഷിത നീക്കങ്ങള്‍ കൊണ്ടും ബോള്‍ പൊസിഷന്‍ നിലനിര്‍ത്തിയും യു എ ഇ ഇന്ത്യയെ വിറപ്പിച്ചു. 46-ാം മിനുറ്റില്‍ നര്‍സാരിക്ക് പകരം കഴിഞ്ഞ കളിയില്‍ ഗോള്‍ നേടിയ ജെജെ മൈതാനത്തിറങ്ങി. ജെജെ വന്നയുടനെ കഴിഞ്ഞ മത്സരം ഓര്‍മ്മിപ്പിച്ച് ഗോളവസരം മൊട്ടിട്ടു. എന്നാല്‍ ജെജെയുടെ ഹാഫ് വോളി ക്രോസ് ബാറിന് അല്‍പം പുറത്തായി. 51-ാം മിനുറ്റില്‍ മലയാളി താരം ആഷിഖിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 

ഗോലെന്നുറച്ച ഉദാന്ദയുടെ ഷോട്ട് 55-ാം മിനുറ്റില്‍ ക്രോസ് ബാറില്‍ തട്ടി തെറിച്ചു. 58-ാം മിനുറ്റില്‍ 23 വാര അകലെ നിന്ന് ലഭിച്ച ഫ്രീകിക്ക് ഛേത്രി ബാറിനു മുകളിലൂടെ പറത്തി. 70-ാം മിനുറ്റില്‍ അനിരുദ്ധ് ഥാപ്പയെ വലിച്ച് റൗളിംഹ് ബോര്‍ജസിനെയിറക്കി. നന്നായി കളിച്ച ഉദാന്ദ സിംഗിന് പകരം ജാക്കിചന്ദ് സിംഗും മൈതാനത്തിറങ്ങി. എന്നാല്‍ ഇന്ത്യ ഉയര്‍ത്തെഴുന്നേല്‍പ് കാട്ടാതെ വന്നപ്പോള്‍ 88-ാം മിനുറ്റില്‍ യു എ ഇ രണ്ടാം ഗോള്‍ നേടി. അലി ഹസന്‍റെ പാസില്‍ അലി അഹമ്മദ് പന്ത് അനായാസം ചിപ്പ് ചെയ്ത് വലയിലാക്കുകയായിരുന്നു. 

click me!