
അബുദാബി: ഏഷ്യൻ കപ്പ് ഫുട്ബോളിന് ഇന്ന് അബുദാബിയിൽ തുടക്കമാവും. നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യൻമാർ. ബഹറിൻ- യു എ ഇ പോരാട്ടത്തോടെയാണ് എ എഫ് സി ഏഷ്യൻ കപ്പിന് തുടക്കമാവുക. രാത്രി ഒൻപതരയ്ക്ക് സയിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് കിക്കോഫ്.
1996ലെ ഫൈനലിസ്റ്റുകളായ യു എ ഇ സ്വന്തം നാട്ടുകാർക്ക് മുന്നിൽ ലക്ഷ്യമിടുന്നത് ആദ്യ കിരീടം. ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ റയൽ മാഡ്രിഡിനെ നേരിട്ട അൽ ഐൻ ക്ലബിലെ ഏഴ് താരങ്ങളാണ് യു എ ഇയുടെ കരുത്ത്. 2004ൽ സെമിയിൽ എത്തിയതാണ് ബഹറിന്‍റെ മികച്ച പ്രകടനം.
ഇന്ത്യ നാളെ ആദ്യമത്സരത്തിൽ വൈകിട്ട് ഏഴിന് തായ്‍ലൻഡിനെ നേരിടും. 1964ലെ റണ്ണേഴ്സ് അപ്പായ ഇന്ത്യ 1984ലും 2011ലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. ഏഴ് വർഷം മുൻപ് കളിച്ച ടീമിലെ രണ്ടുപേർ മാത്രമാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീമിലുള്ളത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഗോളി ഗുർപ്രീത് സിംഗ് സന്ധുവും. അനസ് എടത്തൊടികയും ആഷിക് കുരുണിയനുമാണ് ടീമിലെ മലയാളി സാന്നിധ്യം.
ഗ്രൂപ്പ് എയിൽ ബഹറിനും യു എ ഇയുമാണ് ഇന്ത്യയുടെ മറ്റ് എതിരാളികൾ. ആറ് ഗ്രൂപ്പുകളിലായി ആകെ 24 ടീമുകൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടുസ്ഥാനക്കാരും മികച്ച നാല് രണ്ടാം സ്ഥാനക്കാരും പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് ഘട്ടം മറികടക്കുകയാണ് ഇന്ത്യയുടെ ആദ്യ ലക്ഷ്യമെന്ന് കോച്ച് സ്റ്റീഫൻ കോൺസ്റ്റന്‍റൈൻ വ്യക്തമാക്കുന്നു. ഫിഫ റാങ്കിംഗിൽ മുന്നിലുള്ള ചൈനയെയും ഒമാനെയും സമനിലയിൽ തളച്ച ആത്മവിശ്വാസുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!