ഇന്ത്യന്‍ ഫുട്ബോളിന്റെ തലവര മാറ്റാന്‍ ബംഗലൂരു ഇറങ്ങുന്നു

By Web DeskFirst Published Nov 5, 2016, 1:39 PM IST
Highlights

ദോഹ: അട്ടിമറി പരമ്പരകളിലൂടെയാണ് ബാംഗ്ലൂർ എഫ്‌സി എഎഫ്‌സി കപ്പ് ഫുട്ബോളിന്റെ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ടീമായത്. ബംഗലൂരുവിന്റെ ഫൈനലിലേക്കുള്ള യാത്ര ഏങ്ങനെ ആയിരുന്നുവെന്ന് നോക്കാം. 2014-15 സീസണിലെ ഐ ലീഗ് രണ്ടാം സ്ഥാനക്കാർ എന്ന നേട്ടത്തോടെയാണ് ബംഗലൂരു ചാമ്പ്യൻമാരായ മോഹൻ ബഗാനൊപ്പം എഎഫ്‌സി കപ്പിന് യോഗ്യതനേടിയത്.

മോശം തുടക്കമായിരുന്നു ബംഗലൂരുവിന്. ആദ്യ രണ്ട് കളികളിലും തോൽവി. എന്നാല്‍ അയേയവാഡിക്കെതിരായ ആവേശജയമാണ് ബംഗലൂരൂവിന്റെ തലവര മാറ്റിയത്. രണ്ടാംപാദത്തിലെ ജയം മൂന്നിനെതിരെ അഞ്ച് ഗോളിന്. ഇന്ത്യൻതാരങ്ങളെ മാത്രം അണിനിരത്തിയായിരുന്നു ബംഗലൂരുവിന്റെ വിജയം. ലാവോ ടൊയൊട്ട എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ച് മുന്നോട്ട്.

ഗ്രൂപ്പ് എച്ചിൽ  ആറിൽ മൂന്ന് കളികൾ ജയിച്ച് പ്രീക്വാർട്ടറിൽ. അവസാന പതിനാറിലെ എതിരാളി ഹോങ്കോംഗ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ കിച്ചി എഫ്‌സി. ബംഗലൂരുവിന്റെ ജയം രണ്ടിനെതിരെ മൂന്ന് ഗോളിന്. ക്വാർട്ടറിൽ വീഴ്ത്തിയത് സിംഗപ്പൂർ ക്ലബ് ടാംപിൻസ് റോവേഴ്സിനെ. ജയം മലയാളി താരം സികെ വിനീതിന്റെ
ഏക ഗോളിന്.

സെമിയിൽ നേരിടാനുണ്ടായിരുന്നത് നിലവിലെ ജേതാക്കളായ ജെഡിടി. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടുതവണയും ജയം ജെ ഡി ടിക്കായിരുന്നു. ആദ്യ പാദ സെമിയിൽ യൂജിൻസന്റെ ഗോളിൽ സമനില നേടിയ ബംഗലൂരു ഫൈനൽ സ്വപ്നം കണ്ടു. ബംഗലൂരുവിലെ രണ്ടാം പാദസെമയിൽ സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും പടയോട്ടം.

ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ത്യൻ ഫുട്ബോളിലെ പുതുചരിത്രം. ഇന്ന്  ഇറാഖ് എയർഫോഴിനെതിരെ ജയിക്കാനായാൽ ഏഷ്യൻ ചാമ്പ്യൻമാരാകുന്ന ആദ്യ ഇന്ത്യൻ ക്ലബാവും ബംഗലൂരു. 1962 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയതിന് ശേഷം വൻകരയിൽ ഇന്ത്യൻ ഫുട്ബോളിന്റെ ഏറ്റവും വലിയ നേട്ടമാവും അത്.

click me!