ടി20 ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കപ്പെട്ട ഗില്ലിന് അഭിമാനപ്പോരാട്ടം കൂടിയായിയിരിക്കും ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര.

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയ യുവതാരം യശസ്വി ജയ്സ്വാളിനെയും കാത്തിരിക്കുന്നത് മലയാളി താരം സഞ്ജു സാംസണിന്‍റെ അതേവിധി. അടുത്ത മാസം ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ സെലക്ടര്‍മാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അടുത്ത ആഴ്ച ടീം പ്രഖ്യാപിക്കുമ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ പരിക്കുമൂലം വിട്ടു നിന്ന ക്യാപ്റ്റൻ ശഭ്മാന്‍ ഗില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

ടി20 ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കപ്പെട്ട ഗില്ലിന് അഭിമാനപ്പോരാട്ടം കൂടിയായിയിരിക്കും ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര. ഗില്‍ ഓപ്പണറായി തിരിച്ചെത്തുമ്പോള്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയാകും മറ്റൊരു ഓപ്പണര്‍. ഇതോടെ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയെങ്കിലും യശസ്വി ജയ്സ്വാള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും. ക്യാപ്റ്റനായതിനാല്‍ ഗില്ലനെ പുറത്തിരുത്തുക സാധ്യമല്ല. 2027ലെ ഏകദിന ലോകകപ്പിന് മുമ്പ് വളരെ കുറച്ച് ഏകദിന മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നതിനാല്‍ രോഹിത്തിനെയും പുറത്തിരുത്താനാവില്ല. മൂന്നാം നമ്പറില്‍ വിരാട് കോലി ഇറങ്ങുമെന്നും ഉറപ്പാണ്.

ഈ സാഹചര്യത്തില്‍ ടോപ് ഓര്‍ഡര്‍ ബാറ്ററായ യശസ്വി ജയ്സ്വാളിനെ ടീമിലെടുത്താലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാനിടയില്ല. ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടും സഞ്ജു സാംസണെ പിന്നീട് ഏകദിന ടീമിലേക്ക് പരിഗണിക്കാതെ ഒഴിവാക്കിയിരുന്നു. ന്യൂസിലൻഡിനെതിരായ ടി20 ടീമിലില്ലാത്തതിനാല്‍ ഏകദിന പരമ്പര കഴിഞ്ഞാല്‍ പിന്നീട് ടി20 ലോകകപ്പ് വരുന്നതിനാല്‍ അതിനുശേഷം നടക്കുന്ന ഐപിഎല്ലില്‍ മാത്രമെ പിന്നീട് ജയ്സ്വാളിന് കളിക്കാനാവു.

ആഭ്യന്തര ക്രിക്കറ്റില്‍ വിജയ് ഹസാരെ ട്രോഫിയിലും രഞ്ജി ട്രോഫിയിലും കളിക്കുക എന്നത് മാത്രമാണ് ജയ്സ്വാളിന് മുന്നിലുള്ള വഴി. ജനുവരി 11നാണ് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം 14നും മൂന്നാം മത്സരം 18നും നടക്കും. ഇതിനുശേഷമാണ് ഇന്ത്യ അ‍ഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ കളിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക