പ്രായത്തട്ടിപ്പ്; ജംഷഡ്പൂരിന്റെ ഗൗരവ് മുഖിക്ക് സസ്പെന്‍ഷന്‍

By Web TeamFirst Published Nov 20, 2018, 5:14 PM IST
Highlights

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്രായത്തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ജംഷഡ്പുര്‍ എഫ്‌സി ഗൗരവ് മുഖിയെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) അച്ചടക്ക സമിതി സസ്പെന്‍ഡ് ചെയ്തു. വരുന്ന ശനിയാഴ്ച ഗൗരവപ് മുഖിയോട് ഹിയറിംഗിനായി എത്താന്‍ ആവശ്യപ്പെട്ട എഐഎഫ്എഫ് അന്തിമ തീരുമാനം വരുന്നതുവരെ എഐഎഫ്എഫിന്റെ എല്ലാ മത്സരങ്ങളില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനും തീരുമാനിക്കുകയായിരുന്നു.

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്രായത്തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ജംഷഡ്പുര്‍ എഫ്‌സി ഗൗരവ് മുഖിയെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) അച്ചടക്ക സമിതി സസ്പെന്‍ഡ് ചെയ്തു. വരുന്ന ശനിയാഴ്ച ഗൗരവപ് മുഖിയോട് ഹിയറിംഗിനായി എത്താന്‍ ആവശ്യപ്പെട്ട എഐഎഫ്എഫ് അന്തിമ തീരുമാനം വരുന്നതുവരെ എഐഎഫ്എഫിന്റെ എല്ലാ മത്സരങ്ങളില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനും തീരുമാനിക്കുകയായിരുന്നു. ഇതോടെ ഐഎസ്എല്ലില്‍ പൂനെ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തില്‍ നിന്ന് ഗൗരവ് മുഖിയെ മാറ്റിനിര്‍ത്താന്‍ ജംഷഡ്പൂര്‍ എഫ്‌സി തീരുമാനിച്ചു.

ഐഎസ്എല്ലില്‍ ബംഗലൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ ജംഷഡ്പൂരിനായി ഗോള്‍ നേടിയതോടെയാണ് ഗൗരവ് മുഖി വാര്‍ത്തകളില്‍ ഇടം നേടിയത്. ഐഎസ്എല്ലിലെ ഏറ്റവും പ്രായംകുറഞ്ഞ ഗോള്‍ സ്കോററാണെന്ന അവകാശവാദത്തെത്തുടര്‍ന്നാണ് താരത്തിനെതിരെ പ്രായത്തട്ടിപ്പ് ആരോപണം ഉയര്‍ന്നുവന്നത്. 16 വയസ് മാത്രമാണ് ഗൗരവ് മുഖിയുടെ പ്രായമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ 2015ല്‍ നടന്ന ദേശീയ അണ്ടര്‍ 15 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ഡിന്റെ താരമായിരുന്ന ഗൗരവ് അന്ന് ജാര്‍ഖണ്ഡിന്റെ കിരീട നേട്ടത്തില്‍ പ്രധാന പങ്കു വഹിച്ചിരുന്നു.

എന്നാല്‍ പിന്നീട് ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരായ ജാര്‍ഖണ്ഡില്‍ നിന്നും പ്രായ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ എഐഎഫ്എഫ് കിരീടം തിരിച്ച് വാങ്ങി. അന്ന് പ്രായത്തട്ടിപ്പ് നടത്തിയെന്ന് ജാര്‍ഖണ്ഡ് ഫുട്ബോള്‍ അസോസിയേഷന്‍ കുറ്റസമ്മതം നടത്തിയ താരങ്ങളുടെ കൂട്ടത്തില്‍ ഗൗരവിന്റെ പേരുമുണ്ടായിരുന്നു.

ഗൗരവ് മുഖി ജനിച്ചത് 2002 എന്നായിരുന്നു എഐഎഫ്എഫിന്റെയും ഐഎസ്എലിന്റെയും റെക്കോര്‍ഡുകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അത് തെറ്റാണെന്നും 1999ല്‍ ആണ് ഗൗരവ് ജനിച്ചത് എന്നും പിന്നീട് വ്യക്തമായി. ഇതോടെ 16 വയസുണ്ടായിരുന്ന ഗൗരവ് മുഖി ഒരു ദിവസം കൊണ്ട് 19കാരനാവുകയായിരുന്നു.

click me!