ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്; സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കുക്ക്

By Web DeskFirst Published May 30, 2016, 4:53 PM IST
Highlights

ലണ്ടന്‍: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് വിജയവുമായി ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പര സ്വന്തമാക്കി(2-0). രണ്ടാം ഇന്നിംഗ്സില്‍ ജയിക്കാന്‍ 79 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 47 റണ്‍സുമായി കുക്കും 22 റണ്‍സുമായി നിക് ക്രോംപ്ടണും പുറത്താകാതെ നിന്നു. സ്കോര്‍: ഇംഗ്ലണ്ട് 498, 80/1. ശ്രീലങ്ക 101, 475. ദിനേശ് ചണ്ഡിമലിന്റെയും(126), എയ്ഞചലോ മാത്യൂസ്(80), കൗശല്‍ സില്‍വ(60), രങ്കണ ഹെറാത്ത്(61) എന്നിവരുടെ ചെറുത്തുനില്‍പ്പുമാണ് ഇംഗ്ലീഷ് ജയം വൈകിപ്പിച്ചത്. മത്സരത്തില്‍ എട്ടു വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സണാണ് കളിയിലെ കേമന്‍.

ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ടെസ്റ്റില്‍ 10000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും സ്വന്തം പേരിലെഴുതി. ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് 31 വയസും  അഞ്ച് മാസവും അഞ്ച് ദിവസവും പ്രായമുള്ള കുക്ക് മറികടന്നത്. 31 വയസും 10 മാസവും 20 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ ടെസ്റ്റില്‍ 10000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. ടെസ്റ്റ് ചരിത്രത്തില്‍ 10,000 പിന്നിടുന്ന പന്ത്രണ്ടാമത്തെ ബാറ്റ്സ്മാനാണ് കുക്ക്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബ്രയാന്‍ ലാറ, കുമാര്‍ സംഗക്കാര, റിക്കി പോണ്ടിംഗ്, രാഹുല്‍ ദ്രാവിഡ്, മഹേല ജയവര്‍ധനെ, സുനില്‍ ഗവാസ്കര്‍,  ജാക്വിസ് കാലിസ്, അലന്‍ ബോര്‍ഡര്‍, ശിവ്നാരായെന്‍ ചന്ദര്‍ പോള്‍, സ്റ്റീവ് വോ എന്നിവരാണ് കുക്കിന് പുറമെ 10000 ക്ലബ്ബിലെ അംഗങ്ങള്‍. 128 ടെസ്റ്റുകളില്‍ നിന്നാണ് കുക്ക് ചരിത്ര നേട്ടത്തിലെത്തിയത്. ഇതില്‍ 28 സെഞ്ചുറികളും ഉള്‍പ്പെടുന്നു. 2006ല്‍ ഇന്ത്യക്കെതിരെ സെഞ്ചുറിയോടെയാണ് കുക്ക് ടെസ്റ്റില്‍ അരങ്ങറിയത്. അസുഖത്തെത്തുടര്‍ന്ന് തൊട്ടടുത്ത മത്സരം നഷ്ടമായശേഷം കുക്കിന് പിന്നീച് ഒറ്റ മത്സരത്തില്‍ പോലും ഇംഗ്ലണ്ട് ടീമിന് പുറത്തിരിക്കേണ്ടിവന്നിട്ടില്ല. 20102ല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍സി ഏറ്റെടുത്ത കുക്ക് 2013ലും 2015ലും അവരെ ആഷസ് പരമ്പര ജയത്തിലേക്ക് നയിച്ചു.

 

click me!