സച്ചിനും ഔട്ട് ; ഇന്ത്യക്കാരെ ക്ലീന്‍ ബൗള്‍ഡാക്കി കുക്കിന്‍റെ സ്വപ്ന ഇലവന്‍

By Web TeamFirst Published Sep 4, 2018, 11:36 PM IST
Highlights

തെരഞ്ഞെടുത്ത പതിനൊന്നില്‍ പത്ത് താരങ്ങളും കുക്ക് ഒപ്പമോ അല്ലെങ്കില്‍ എതിരാളികളായോ ഒരേ സമയത്ത് കളിച്ചവരാണ്. ടീമിന്‍റെ നായകനായി തെരഞ്ഞെടുത്ത് ഇംഗ്ലണ്ടിന്‍റെ ഗ്രഹാം ഗൂച്ച് മാത്രമാണ് കുക്കിനൊപ്പം കളിക്കാത്ത ഏക താരം

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്കിനെ ലോകം വാഴ്ത്തുന്നത്. ഇന്ത്യക്കെതിരെയുള്ള നാലാം ടെസ്റ്റിന് ശേഷം കളിക്കളത്തോട് വിട പറഞ്ഞ കുക്ക് സ്വപ്ന സമാനമായ ഒരുപാട് നേട്ടങ്ങള്‍ പേരിക്കുറിച്ചിരുന്നു.

വിരമിക്കലിന് ശേഷം ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന് വേണ്ടി എക്കാലത്തെയും മികച്ച ക്രിക്കറ്റ് ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് കുക്ക്. അതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം സച്ചിനടക്കം ഒരു ഇന്ത്യന്‍ താരത്തിന് പോലും കുക്കിന്‍റെ ടീമില്‍ ഇടം നേടാനായിട്ടില്ലെന്നുള്ളതാണ്. തെരഞ്ഞെടുത്ത പതിനൊന്നില്‍ പത്ത് താരങ്ങളും കുക്ക് ഒപ്പമോ അല്ലെങ്കില്‍ എതിരാളികളായോ ഒരേ സമയത്ത് കളിച്ചവരാണ്.

ടീമിന്‍റെ നായകനായി തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്‍റെ ഗ്രഹാം ഗൂച്ച് മാത്രമാണ് കുക്കിനൊപ്പം കളിക്കാത്ത ഏക താരം. ഓപ്പണിംഗില്‍ ഗൂച്ചിനൊപ്പം ഓസ്ട്രേലിയയുടെ മാത്യൂ ഹെയ്ഡനെയാണ് കുക്ക് തെരഞ്ഞെടുത്തത്. മൂന്നാമനായി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ കളത്തിലെത്തും.

തുടര്‍ന്ന് ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ്, ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സ്, ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര എന്നിവരിറങ്ങും. എബിഡിയെയും സംഗക്കാരയെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരാക്കിയാണ് ടീമിലെടുത്തിരിക്കുന്നത്. ഓള്‍റൗണ്ടറായി ജാക്വസ് കാലിസും സംഘത്തിലിടം നേടി.

രണ്ട് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമാണ് ടീമിലെ ബൗളിംഗ് വിഭാഗം കെെകാര്യം ചെയ്യുന്നത്. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും ഓസ്ട്രേലിയയുടെ ഷെയ്ന്‍ വോണും എതിരാളികളെ കറക്കി വീഴ്ത്തും.

ഇംഗ്ലണ്ടിന്‍റെ ജയിംസ് ആന്‍ഡേഴ്സണും ഓസ്ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്തും പേസ് ആക്രമണം നടത്തും. ഇടംകെെ ബാറ്റ്സ്മാനായ കുക്ക് ടെസ്റ്റില്‍ 44.88 ശരാശരിയില്‍ 12,254 റണ്‍സാണ് നേടിയിട്ടുള്ളത്. 32 സെഞ്ചുറികളും 46 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. 

 

click me!