ആന്‍ഡി മറേ വിംബിള്‍ഡണില്‍ ജേതാവ്

By Web DeskFirst Published Jul 10, 2016, 4:19 PM IST
Highlights

ലണ്ടന്‍: വിംബിള്‍ഡണിലെ സെന്റര്‍ കോര്‍ട്ടില്‍ ആന്‍ഡി മറേ പുതിയ ചരിത്രം രചിച്ചു. സ്വന്തം നാട്ടുകാരുടെ മുന്നില്‍ മറേ രണ്ടാമത് വിംബിള്‍ഡന്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ കാനഡയുടെ മിലോസ് റാവോണിക്കിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്കാണ് ആന്‍ഡി മറേ തോല്‍പ്പിച്ചത്. സ്‌കോര്‍- 6-4, 7-6(7/3), 7-6(7/2). ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ മറേയ്‌ക്ക് പക്ഷെ രണ്ടും മൂന്നു സെറ്റുകളില്‍ റാവോണിക് കടുത്ത വെല്ലുവിളി ഉയര്‍ത്തി. രണ്ടും മൂന്നും സെറ്റുകള്‍ ടൈബ്രേക്ക് അഗ്നിപരീക്ഷയിലൂടെയാണ് മറേ സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ രണ്ടാം സീഡായിരുന്നു ആന്‍ഡി മറേ. കനേഡിയന്‍ താരം റാവോണിക് ആറാം സീഡായിരുന്നു. സെമിയില്‍ മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡററെ അട്ടിമറിച്ചാണ് റാവോണിക് ഫൈനലില്‍ കടന്നത്. തോമസ് ബെര്‍ഡിക്കിനെ പരാജയപ്പെടുത്തിയാണ് ആന്‍ഡി മറേ രണ്ടാം തവണ വിംബിള്‍ഡന്‍ ഫൈനലിലെത്തിയത്.

മൂന്നാം സെറ്റ് ടൈബ്രേക്കറിലേക്ക് കടന്നപ്പോള്‍ ഒരവസരത്തില്‍ മറേ 5-0ന് മുന്നിലെത്തിയിരുന്നു. അപ്പോള്‍ തന്നെ മറേയുടെ ആരാധകര്‍ തിങ്ങിനിറഞ്ഞ വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ട് ഗ്യാലറികള്‍ ഇളകിമറഞ്ഞു. മറേയുടെ വിജയ നിമിഷങ്ങളില്‍ ആഹ്ലാദഭരിതരായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ വി ഐ പി ബോക്‌സില്‍ ഉണ്ടായിരുന്നു. മറേയുടെ ഭാര്യ കിം ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളും ചരിത്രനിമിഷത്തിന് സാക്ഷിയായിരുന്നു.

പത്താമത് ഗ്രാന്‍സ്ലാം ഫൈനല്‍ കളിച്ച ആന്‍ഡി മറേ ഇത് മൂന്നാം തവണയാണ് കിരീടം നേടിയത്. 2013ല്‍ വിംബിള്‍ഡണിലും 2012ല്‍ യു എസ് ഓപ്പണിലുമാണ് ഇതിന് മുമ്പ് മറേ നേടിയ ഗ്രാന്‍സ്ലാം കിരീടങ്ങള്‍. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അഞ്ചു തവണ ഫൈനല്‍ കളിച്ചിട്ടുള്ള മറേയ്‌ക്ക് ഇതുവരെ അവിടെ കിരീടം നേടാനായില്ല. നൊവാക് ദ്യോക്കോവിച്ച്, റോജര്‍ ഫെഡറര്‍ എന്നിവരുടെ സുവര്‍ണകാലഘട്ടത്തില്‍ പലപ്പോഴും ഫൈനലില്‍ തോല്‍ക്കാനായിരുന്നു മറേയുടെ വിധി. എന്നാല്‍ ഇത്തവണ വിംബിള്‍ഡണില്‍ ദ്യോക്കോവിച്ച് ക്വാര്‍ട്ടറിലും ഫെഡററും സെമിയിലും പുറത്തായത് ഒരുതരത്തില്‍ മറേയ്‌ക്ക് അനുഗ്രഹമായി മാറുകയായിരുന്നു.

click me!