അഞ്ജു ബോബി ജോര്‍ജ് രാജിവച്ചു; സ്പോര്‍ട്സ് കൗണ്‍സിലിലെ അഴിമതി പുറത്തുകൊണ്ടുവരണമെന്ന് അഞ്ജു

By Web DeskFirst Published Jun 21, 2016, 11:09 AM IST
Highlights

തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കൗണ്‍സിലിലെ മറ്റ് അംഗങ്ങളും രാജിവച്ചു. സ്പോര്‍ട്സ് കൗണ്‍സിലില്‍ വലിയ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്നും മാധ്യമങ്ങള്‍ ഇതു പുറത്തുകൊണ്ടുവരണമെന്നും രാജി പ്രഖ്യാപിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഞ്ജു പറഞ്ഞു.

സര്‍ക്കാര്‍ സമീപിച്ചപ്പോള്‍ തന്റെ ധാര്‍മികതയെന്നുകണ്ടാണു സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. സ്പോര്‍ട്സ് മതത്തിനു രാഷ്ട്രീയത്തിനും അതീതമെന്നാണു താന്‍ കരുതിയത്. എന്നാല്‍ അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. സ്ഥാനം ഏറ്റെടുത്തശേഷം സ്പോര്‍ട്സ് കൗണ്‍സിലില്‍ നടക്കുന്ന പല കാര്യങ്ങളും തനിക്കു ബോധ്യപ്പെട്ടു. പല ഫയലുകളിലും ക്രമക്കേടുകള്‍ കണ്ടു. ഇതിനു ശേഷമാണു പ്രശ്നങ്ങള്‍ തുടങ്ങുന്നത്. തന്റെ മെയില്‍ ഹാക്ക് ചെയ്തു. പിന്നാലെ തനിക്കെതിരായി പത്രങ്ങളില്‍ വാര്‍ത്ത വന്നു തുടങ്ങി.

സ്പോര്‍ട്സ് കൗണ്‍സിലിലെ അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ പരിശോധിക്കുന്നതിന് ഒരു എത്തിക്സ് കമ്മീഷനു താന്‍ അടങ്ങുന്ന സ്പോര്‍ട്സ് കൗണ്‍സില്‍ രൂപം നല്‍കിയിരുന്നു. ഇതാണു പ്രശ്നങ്ങള്‍ക്കു കാരണം. സ്പോര്‍ട്സ് ലോട്ടറി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കായിക അഴിമതിയാണ്. ഇത്ര നാളായിട്ടും സ്പോര്‍ട്സ് ലോട്ടറിയില്‍നിന്നുള്ള ഒരു ഫലവും സ്പോര്‍ട്സ് കൗണ്‍സിലിനു കിട്ടിയിട്ടില്ല. ഈ പ്രശ്നങ്ങള്‍ അഞ്ജുവിന്റേതല്ല. ജനങ്ങളുടേതാണ്. മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണം - അഞ്ജു പറഞ്ഞു.

അജിത് മാര്‍ക്കോസിന്റെ നിയമനമാണു വിവാദമുണ്ടാക്കിയ മറ്റൊരു സംഭവം. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റല്ല, സര്‍ക്കാരാണു കൗണ്‍സിലിലെ നിയമങ്ങള്‍ നടത്തുന്നത്. കൗണ്‍സില്‍ മീറ്റിങ്ങില്‍ അജിത് മാര്‍ക്കോസിന്റെ നിയമനം ചര്‍ച്ചയ്ക്കെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അഞ്ചു മെഡല്‍ കിട്ടിയ കോച്ച് എന്ന സ്പെഷ്യല്‍ പരിഗണനയിലാണ് അജിത് പരിഗണനയ്ക്കു വന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അജിത്തും ഈ പോസ്റ്റ് രാജിവയ്ക്കുകയാണ്. ഞങ്ങളുടെ കുടുംബത്തിന് ഇതു പുതുമയല്ല - അഞ്ജു വ്യക്തമാക്കി.

സ്പോര്‍ട്സിനെ എല്ലാവര്‍ക്കും കൊല്ലാന്‍ പറ്റും, പക്ഷേ സ്പോര്‍ട്സുകാരെ തോല്‍പ്പിക്കാനാവില്ല. ഇത്രയും ആരോപണങ്ങള്‍ കേട്ട് ഈ സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്നു തനിക്കും ബോര്‍ഡ് അംഗങ്ങള്‍ക്കും തോന്നി. അതാണു താനും അംഗങ്ങളും രാജിവയ്ക്കുന്നതെന്നും അഞ്ജു പറഞ്ഞു.

click me!