ഹാട്രിക്കുമായി മെസി ചുമലിലേറ്റി; അര്‍ജന്റീന ലോകകപ്പിനുണ്ടാകും

By Web DeskFirst Published Oct 11, 2017, 6:51 AM IST
Highlights

ആരാധകരുടെ ആശങ്കകള്‍ അസ്ഥാനത്താക്കി, അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടി. ഹാട്രിക്ക് മികവുമായി ലയണല്‍ മെസി മുന്നില്‍നിന്ന് പടനയിച്ചപ്പോള്‍ അര്‍ജന്റീനയ്‌ക്ക് ഇക്വഡോറിനെതിരെ തകര്‍പ്പന്‍ ജയം. ദക്ഷിണഅമേരിക്കന്‍ ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ഇക്വഡോറിനെതിരായ ജീവന്‍മരണപോരാട്ടത്തില്‍ 3-1ന് ആയിരുന്നു അര്‍ജന്റീനയുടെ ജയം. സമനിലപോലും മരണക്കയത്തിലാക്കുമായിരുന്ന കളിയില്‍ ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് അര്‍ജന്റീന തിരിച്ചടിച്ച് ലീഡും ജയവും ഒപ്പം ലോകകപ്പ് യോഗ്യതയും കൈപ്പിടിയിലൊതുക്കിയത്. 12, 20, 62 മിനുട്ടുകളിലാണ് മെസി ഗോള്‍ നേടിയത്. ദക്ഷിണഅമേരിക്കന്‍ ഗ്രൂപ്പില്‍ 28 പോയിന്റുമായി മൂന്നാമന്‍മാരായാണ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയത്. 41 പോയിന്റുമായി ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. 31 പോയിന്റ് നേടിയ ഉറുഗ്വായ് ആണ് രണ്ടാം സ്ഥാനത്ത്. ബ്രസീല്‍, ഉറുഗ്വായ്, അര്‍ജന്‍റീന, കൊളംബിയ ടീമുകളാണ് ലോകകപ്പിന് യോഗ്യത നേടിയത്. അഞ്ചാം സ്ഥാനത്ത് എത്തിയ പെറുവിന് ഓഷ്യാന ഗ്രൂപ്പില്‍നിന്നുള്ള ന്യൂസിലാന്‍ഡുമായി പ്ലേ ഓഫ് ജയിക്കാനായാല്‍ ലോകകപ്പിന് പോകാം.

സ്വന്തം നാട്ടുകാരുടെ മുന്നില്‍നടക്കുന്ന കളിയില്‍ റൊമാരിയോ ഇബാറയിലൂടെ ഇക്വഡോറാണ് ആദ്യം മുന്നിലെത്തിയത്. കളി തുടങ്ങി നിമിഷങ്ങള്‍ക്കകമാണ് ഇക്വഡോര്‍ ഗോള്‍ നേടി അര്‍ജന്റീനയെ ഞെട്ടിച്ചത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച അര്‍ജന്റീന വൈകാതെ ഒപ്പമെത്തുകയായിരുന്നു. എയ്ഞ്ചല്‍ ഡി മരിയയുമായി ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലായിരുന്നു മെസിയുടെ ഗോള്‍ പിറന്നത്. ഇക്വഡോര്‍ ഗോള്‍മുഖത്ത് മെസിയും ഡി മരിയയും നിരന്തരം ഭീഷണി ഉയര്‍ത്തുന്നതിനിടയിലാണ് രണ്ടാം ഗോളും പിറന്നത്. ഇക്വഡോര്‍ ഡിഫന്‍ഡര്‍മാരെ മറികടന്നുള്ള മെസിയുടെ തകര്‍പ്പന്‍ ഇടങ്കാലന്‍ ഷോട്ട് ഗോളിലേക്ക് തറഞ്ഞുകയറുമ്പോള്‍ ഇക്വഡോര്‍ ഗോള്‍ ബന്‍ഗ്വേര വെറും കാഴ്‌ചക്കാരന്‍ മാത്രമായിരുന്നു. മുപ്പത്തിരണ്ടാം മിനിട്ടില്‍ മെസിയുടെ പാസില്‍ ഗോള്‍ നേടാനുള്ള ഡി മരിയയുടെ മികച്ച അവസരം, ഇക്വഡോര്‍ ഗോള്‍ രക്ഷപ്പെടുത്തി. 2-1ന്റെ ലീഡുമായി അര്‍ജന്റീന ഇടവേളയ്‌ക്ക് പിരിഞ്ഞു. മനോഹരമായ നീക്കത്തിനൊടുവിലായിരുന്നു മെസിയുടെ ഹാട്രിക്ക് ഗോള്‍ പിറന്നത്. 35 വാര അകലെ നിന്ന് മെസിക്ക് ലഭിച്ച പന്ത് ഗോള്‍ പോസ്റ്റിലേക്ക് കോരിയിട്ടപ്പോള്‍, ഇക്വഡോര്‍ ഗോളി വീണ്ടും കാഴ്‌ചക്കാരനായിരുന്നു.

click me!