കോപ്പയില്‍ അര്‍ജന്റീനയ്‌ക്ക് പുതിയ റെക്കോര്‍ഡ്!

By Web DeskFirst Published Jun 15, 2016, 7:51 AM IST
Highlights

അര്‍ജന്റീന ലാറ്റിനമേരിക്കയിലെ മാത്രമല്ല, ലോകത്തെ തന്നെ പ്രമുഖ ഫുട്ബോള്‍ ടീം. രണ്ടു തവണ ലോക ജേതാക്കളാണ്. കോപ്പ അമേരിക്ക കിരീടം ഒന്നിലധികം തവണ നേടി. ഫുട്ബോള്‍ ലോകത്തെ ഇതിഹാസതുല്യരായ കളിക്കാരെയും സംഭാവന ചെയ്‌ത രാജ്യം. പക്ഷെ കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീന ഇതുവരെ മൂന്നു കളികള്‍ തുടര്‍ച്ചയായി ജയിച്ചിട്ടില്ലായിരുന്നു. എന്നാല്‍ അത്തരമൊരു നാണക്കേട് ഇന്നു അര്‍ജന്റീന കഴുകികളഞ്ഞിരിക്കുന്നു. ശതാബ്‌ദി കോപ്പ അമേരിക്കയില്‍ ഇന്നു ബൊളീവിയയെ മൂന്നു ഗോളിന് തോല്‍പ്പിച്ചപ്പോള്‍, അര്‍ജന്റീന ഇതാദ്യമായി തുടര്‍ച്ചയായി മൂന്നു കളി ജയിക്കുകയെന്ന നേട്ടമാണ് കൈവരിച്ചത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു കളികളും ജയിച്ച ഏക ടീം എന്ന നേട്ടവും അര്‍ജന്റീനയ്‌ക്ക് സ്വന്തമായി.

ബൊളീവയ്ക്കെതിരെയും സൂപ്പര്‍താരവും ക്യാപ്റ്റനുമായ മെസിയില്ലാതെയായിരുന്നു അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിങ് ലൈനപ്പ്. അഗ്യൂറോയെയും ഹിഗ്വെയ്നെയും മുന്‍നിര്‍ത്തിയായിരുന്നു ആക്രമണതന്ത്രം. പതിമൂന്നാം മിനിട്ടില്‍ എറിക് ലമേല ഫ്രികിക്കിലൂടെയാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ ലാവേസിയിലൂടെ അര്‍ജന്റീന വീണ്ടും ഗോള്‍ നേടി. മുപ്പത്തിരണ്ടാം മിനിട്ടില്‍ വിക്‌ടര്‍ ക്യൂസ്റ്റയാണ് അര്‍ജന്റീനയുടെ പട്ടിക തികച്ച ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ സാക്ഷാല്‍ മെസി കളത്തിലിറങ്ങിയെങ്കിലും അര്‍ജന്റീനയ്‌ക്ക് ലീഡ് ഉയര്‍ത്താനായില്ല.

ക്വാര്‍ട്ടറില്‍ വെനിസ്വേലയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

click me!