10 വിക്കറ്റ് ജയം; സിംബാബ്‌വെയെ തൂത്തുവാരി ഇന്ത്യ

By Web DeskFirst Published Jun 15, 2016, 7:04 AM IST
Highlights

ഹരാരെ: ആദ്യ രണ്ട് ഏകദിനങ്ങളുടെ തിരക്കഥ തന്നെ മൂന്നാം ഏകദിനത്തിലും തുടര്‍ന്നപ്പോള്‍ സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ആധികാരിക ജയവുമായി മൂന്ന് മത്സര പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം ഏകദിനത്തില്‍ 10 വിക്കറ്റ് ജയവുമായാണ് ഇന്ത്യ പരമ്പരയില്‍ സമ്പൂര്‍ണ ജയം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 123 റണ്‍സിന് പുറത്തായപ്പോള്‍ 21.5 ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. അര്‍ധസെഞ്ചുറികളുമായി ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും(63) അരങ്ങേറ്റക്കാരന്‍ ഫൈസ് ഫസലും(55) പുറത്താകാതെ നിന്നു. സ്കോര്‍ സിംബാബ്‌വെ 42.2 ഓവറില്‍ 123 ന് പുറത്ത്, ഇന്ത്യ 21.5 ഓവറില്‍ 126/0.

ബാറ്റിംഗ് നിരയ്കക് വേണ്ടത്ര അവസരം ലഭിച്ചില്ല എന്നായിരുന്നു കഴിഞ്ഞ മത്സരങ്ങളിലെല്ലാം ക്യാപ്റ്റന്‍ ധോണിയുടെ പരാതി. ആദ്യ രണ്ട് കളികളില്‍ കുറച്ചുപേര്‍ക്കെങ്കിലും അവസരം കിട്ടിയെങ്കില്‍ മൂന്നാം മത്സരത്തിലെത്തിയപ്പോള്‍ ഓപ്പണര്‍മാര്‍ക്ക് മാത്രമെ അവസരം ലഭിച്ചുള്ളു. തുടര്‍ച്ചയായ മൂന്നാം കളിയിലും മികവോടെ പന്തെറിഞ്ഞ ബൗളര്‍മാരാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്.

മുപ്പത്തിമൂന്നാം ഓവറില്‍ 103/3 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു സിംബാബ്‌വെ. എന്നാല്‍ ആ ഓവര്‍ എറിഞ്ഞ ജസ്‌പ്രീത് ബൂമ്ര അവസാന രണ്ടു പന്തുകളില്‍ മറുമോയെയും(17) തൊട്ടടുത്ത ചിഗുംബരയെയും(0) വീഴ്ത്തി. അക്ഷര്‍ പട്ടേലാണ് 34ാം ഓവര്‍ എറിയാനെത്തിയത്. ആദ്യ പന്തില്‍ വാളര്‍(8) റണ്‍ ഔട്ടായി. അടുത്ത പന്തില്‍ ക്രീമറിനെ(0) പട്ടേല്‍ വിക്കറ്റിന് മുന്നില്ർ കുടുകുക്കയും ചെയ്തതോടെ സിംബാബ്വെയ്ക്ക് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാവാതെ നഷ്ടമായത് നാലു വിക്കറ്റുകള്‍. അതും തുടര്‍ച്ചയായ നാലു പന്തില്‍. ഇതോടെ സിംബാബ്‌വെ ഇന്നിംഗ്സ് 42.2 ഓവറില്‍ 123 റണ്‍സില്‍ അവസാനിച്ചു.

38റണ്‍സെടുത്ത സിബാന്‍ഡയാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍. ചിബാബ(27), മറുമോ(17), മാഡ്‌സിവ(10) എന്നിവരാണ് സിംബാബ്‌വെ നിരയില്‍ രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ഇന്ത്യക്കായി ജസ്‌പ്രീത് ബൂമ്ര നാലും ചാഹല്‍ രണ്ടും വിക്കറ്റെടുത്തു. ബൂമ്രയാണ് കളിയിലെ കേമന്‍. കെ.എല്‍ രാഹുലാണ് പരമ്പരയുടെ താരം.

click me!