ഓസ്‌ട്രേലിയയ്‌ക്ക് കളിക്കാന്‍ അര്‍ജുന്‍ നായര്‍ തയ്യാര്‍

By Web DeskFirst Published Jul 12, 2016, 11:13 PM IST
Highlights

ചെന്നൈ: ഡോണ്‍ ബ്രാഡ്മാന്റെയും ആദം ഗില്‍ക്രിസ്റ്റിന്റെയും ഗംഭീരമായ പാരമ്പര്യമുള്ള ഓസ്‌ട്രേലിയന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ ഒരു മലയാളി കളിക്കുമോ? ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇന്ന് ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിയ്ക്കുന്ന യുവതാരങ്ങളിലൊരാള്‍ മലയാളിയാണ്. ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ടീമംഗമായ അര്‍ജുന്‍ നായര്‍. പരിശീലനത്തിന്റെ ഭാഗമായി ചെന്നൈയിലെത്തിയ അര്‍ജുന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതീക്ഷകള്‍ പങ്കുവെച്ചു. വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്ന്റെ മാസ്റ്റര്‍ പീസായ ദൂസ്‌ര യൂട്യൂബില്‍ പല തവണ ആവര്‍ത്തിച്ചു കണ്ട ഒരു കുട്ടിയുണ്ടായിരുന്നു. അച്ഛനോടൊപ്പം പല തവണ നെറ്റ്‌സില്‍ നരെയ്ന്റെ പോലെ കിറുകൃത്യം ദൂസ്‌ര എറിയാന്‍ പരിശീലിച്ച ആ നാല് വയസ്സുകാരന്‍ ഇന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മികച്ച യുവ താരങ്ങളിലൊരാളാണ്. എറണാകുളം സ്വദേശികളായ ജയാനന്ദ് നായരുടെയും ശാലിനിയുടെയും മകന്‍ അര്‍ജുന്‍ ഓസ്‌ട്രേലിയയുടെ അണ്ടര്‍ 19 ടീമംഗമെന്ന സ്വപ്നനേട്ടം എത്തിപ്പിടിച്ചതിന്റെ ആഹ്ലാദത്തിലാണ്. ഓള്‍റൗണ്ടറും മികച്ച സ്പിന്നറുമായ അര്‍ജുന്റെ കഴിവുകള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ഗ്രെഗ് ചാപ്പലിന്റെ വരെ പ്രശംസ നേടിയിരുന്നു. ഓസ്‌ട്രേലിയന്‍ ടീം പ്രവേശനത്തിനുള്ള വെല്ലുവിളികള്‍ അര്‍ജുന് കൃത്യമായി അറിയാം. ക്രിക്കറ്റ് കഴിഞ്ഞാല്‍ ഫുട്‌ബോളാണ് അര്‍ജുന്റെ പ്രിയപ്പെട്ട കളി. നാട്ടില്‍ വരാനും ദിലീപിന്റെ തമാശസിനിമകള്‍ കാണാനും ഏറെയിഷ്ടമാണ് അര്‍ജുന്.

click me!