2030 ലോകകപ്പ് വരെ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി ലയണല്‍ സ്‌കലോണി തുടരും. സ്‌കലോണി കരാര്‍ പുതുക്കാന്‍ തീരുമാനിച്ച വിവരം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബ്യൂണസ്‌അയേഴ്‌സ്: 2030 ലോകകപ്പ് വരെ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി ലയണല്‍ സ്‌കലോണി തുടരും. സ്‌കലോണി കരാര്‍ പുതുക്കാന്‍ തീരുമാനിച്ച വിവരം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കിയ സ്‌കലോണി, നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് ഫൈനലില്‍ വീണ്ടുമെത്തിച്ച് വിസ്‌മയം സൃഷ്ടിച്ചു. ഫൈനലില്‍ സ്‌പെയ്‌നിനോടേറ്റ പരാജയത്തോടെ ലയണല്‍ സ്‌കലോണി അര്‍ജന്റീനയുടെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍, നാല് വര്‍ഷം കൂടി ദേശീയ ടീമിന് തന്ത്രമൊരുക്കാന്‍ സ്‌കലോണി തീരുമാനിക്കുകയായിരുന്നു. ഇതോടെ, മൂന്നു ലോകകപ്പുകളില്‍ അര്‍ജന്റീനയെ പരിശീലിപ്പിക്കുന്ന ആദ്യ പരിശീലകനായി സ്‌കലോണി മാറും.
ടീമിന്റെ നായകനും നെടുംതൂണുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് അടുത്തിടെയാണ് വിരമിച്ചത്. മെസിക്ക് പിന്നാലെ, അര്‍ജന്റീന ടീമില്‍ നിന്ന് സ്‌കലോണിയും പടിയിറങ്ങുന്നത് ആരാധകരെ നിരാശപ്പെടുത്തിയേനെ.
2018 ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന പുറത്തായതിന് ശേഷമാണ് ലയണല്‍ സ്‌കലോണി ആ വര്‍ഷം സെപ്‌തംബര്‍ 18ന് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. അര്‍ജന്റീന ജഴ്‌സി ഉപേക്ഷിച്ച ലയണല്‍ മെസിയെ ടീമിലേക്ക് തിരികെ കൊണ്ടു വന്നതായിരുന്നു സ്‌കലോണിയുടെ ആദ്യത്തെ പ്രധാന നീക്കം. 2021 കോപ അമേരിക്ക കിരീടം നേടിക്കൊണ്ട് സ്‌കലോണി യുഗം ആരംഭിച്ചു. 2022 ലോകകപ്പും 2024 കോപ അമേരിക്കയും നേടിക്കൊണ്ട് മെസി-സ്‌കലോണി സഖ്യം അര്‍ജന്റീനക്ക് സ്വപ്‌നതുല്യമായ ഫുട്‌ബോള്‍ യുഗം തന്നെയാണ് സമ്മാനിച്ചത്. മെസിയില്ലാത്ത അര്‍ജന്റീനയെ, കരുത്തു ചോരാത്ത വിധം അടുത്ത ലോകകപ്പിന് ഒരുക്കുക എന്നതാകും സ്‌കലോണി നേരിടാന്‍ പോകുന്ന വെല്ലുവിളി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK












