അച്ഛനെപ്പോലെ ഒരു ബാറ്റ്‌സ്‌മാന്‍ ആകാതിരുന്നതിന് പിന്നിലെ രഹസ്യം സച്ചിന്റെ മകൻ വെളിപ്പെടുത്തുന്നു

By Web DeskFirst Published Jan 12, 2018, 7:47 PM IST
Highlights

ക്രിക്കറ്റ് ലോകം കാൽക്കീഴിലാക്കിയ അത്യപൂര്‍വ്വ പ്രതിഭയായിരുന്നു സാക്ഷാൽ സച്ചിൻ ടെൻഡുൽക്കര്‍. ബാറ്റിങ് റെക്കോര്‍ഡുകളെല്ലാം സ്വന്തമാക്കിയ സച്ചിന്‍ ഉറക്കംകെടുത്തുന്നുവെന്ന് പറഞ്ഞത് മറ്റാരുമായിരുന്നില്ല, സ്‌പിൻ ഇതിഹാസം ഷെയ്ൻ വോണ്‍ ആയിരുന്നു. എന്നാൽ സച്ചിന്റെ പാത പിന്തുടര്‍ന്ന് ക്രിക്കറ്റിലേക്ക് എത്തിയ മകൻ അര്‍ജ്ജുൻ ടെൻഡുൽക്കര്‍ സച്ചിനെപ്പോലെ ഒരു ബാറ്റ്‌സ്‌മാനായില്ല. പകരം, ഇടംകൈയൻ പേസറായാണ് അര്‍ജുന്റെ വരവ്. എന്തുകൊണ്ടാകാം സച്ചിന്റെ മകൻ ഒരു ബാറ്റ്‌സ്‌മാനായി മാറാതിരുന്നത്? കഴിഞ്ഞദിവസം ഓസ്ട്രേലിയയിൽ തിളങ്ങിയ അര്‍ജുൻ തന്നെ ഇതിന് ഉത്തരവും നൽകുന്നു. കുട്ടിക്കാലത്ത് തന്നെ അത്യാവശ്യം ഉയരമുണ്ടായിരുന്ന താൻ ഫാസ്റ്റ് ബൗളിങിനെയാണ് ഇഷ്‌ടപ്പെട്ടിരുന്നതെന്ന് അര്‍ജുൻ പറയുന്നു. പ്രമുഖ ഓസ്ട്രേലിയൻ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അര്‍ജുൻ മനസ് തുറന്നത്. ഒരു പേസ് ബൗളറായി വളരാനാണ് താൻ ആഗ്രഹിച്ചത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ പേസ് ബൗളര്‍മാരില്ലാത്ത സ്ഥലമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ പേസ് ബൗളറായി പരിശീലിക്കുന്നത് കൂടുതൽ അവസരങ്ങള്‍ ലഭിക്കാൻ സഹായകരമാകുമെന്നും ചിന്തിച്ചിരുന്നതായി അര്‍ജുൻ പറയുന്നു. ബ്രാഡ്മാന്റെ പേരിലുള്ള മൈതാനത്ത് കളിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും അര്‍ജുൻ പറയുന്നു. അച്ഛനിൽനിന്ന് ലഭിച്ച ഉപദേശത്തെക്കുറിച്ചും അര്‍ജുൻ പറഞ്ഞു. ഭയപ്പെടാതെ ടീമിനുവേണ്ടി കളിക്കണമെന്നും, അങ്ങനെ ചെയ്താൽ മികച്ച പ്രകടനം നടത്താനാകുമെന്നും അച്ഛൻ ഉപദേശിച്ചതായി അര്‍ജുൻ പറഞ്ഞു. സമ്മര്‍ദ്ദമില്ലാതെ പന്തെറിയാനാണ് താൻ എപ്പോഴും ശ്രമിക്കുന്നത്. പന്തെറിയുമ്പോള്‍ ബാറ്റുചെയ്യുന്നത് ആരാണെന്ന് നോക്കാറില്ല. മികച്ച പന്തുകള്‍ എറിയാനാണ് എപ്പോഴും ശ്രമിക്കുക. ബാറ്റു ചെയ്യുമ്പോള്‍, ബൗളര്‍ ആരാണെന്ന് നോക്കാതെ സ്വതസിദ്ധമായ കളി പുറത്തെടുക്കാനും ശ്രദ്ധിക്കും- അര്‍ജുൻ പറയുന്നു. ഗ്ലോബൽ ടി20 സീരീസ് കളിക്കാനാണ് അര്‍ജുൻ ഓസ്‌ട്രേലിയയിലെത്തിയത്. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയ്‌ക്കുവേണ്ടി കളിച്ച അര്‍ജുൻ ഹോങ്കോങ് ക്രിക്കറ്റ് ക്ലബിനെതിരെ 48 റണ്‍സും നാലു വിക്കറ്റുമെടുത്ത് ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തിരുന്നു.

click me!