ലണ്ടന്‍ ഡെര്‍ബിയില്‍ ചെല്‍സിക്ക് മുന്നില്‍ ആഴ്സനല്‍ വീണു

By Web TeamFirst Published Aug 19, 2018, 7:21 AM IST
Highlights
  • പെഡ്രോയുടെ ഗോളിലൂടെ ചെല്‍സി മുന്നിലെത്തി. പിന്നാലെ 20ാം മിനിറ്റില്‍ മൊറാട്ടയും ചെല്‍സിയുടെ ലീഡുയര്‍ത്തി.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ചെല്‍സി രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ആഴ്‌സനലിനെ തോല്‍പ്പിച്ചു. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍ പിറന്നത്. പെഡ്രോ, അല്‍വാരോ മൊറാട്ട, മാര്‍കോസ് അലോണ്‍സോ എന്നിവര്‍ ഗോള്‍ നേടി. ഹെന്റിക് മെഖിതെര്യാന്‍, അലക്‌സ് ഇവോബി എന്നിവരുടെ വകയായിരുന്നു ആഴ്‌സനലിന്റെ ഗോളുകള്‍.

പ്രീമിയര്‍ ലീഗിലെ പുതിയ രണ്ട് പരിശീലകര്‍ നേര്‍ക്കുനേര്‍ വന്ന മത്സരം ത്രസിപ്പിക്കുന്ന ഒന്നായിരുന്നു. ആദ്യ 20 മിനിറ്റില്‍ തന്നെ സാറിയുടെ ചെല്‍സി രണ്ട് ഗോള്‍ നേടി. പെഡ്രോയുടെ ഗോളിലൂടെ ചെല്‍സി മുന്നിലെത്തി. പിന്നാലെ 20ാം മിനിറ്റില്‍ മൊറാട്ടയും ചെല്‍സിയുടെ ലീഡുയര്‍ത്തി. എന്നാല്‍ ഉനൈ എമറി പരിശീലിപ്പിക്കുന്ന ആഴ്‌സനല്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. മെഖിതെര്യാന്‍ 37ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. നാല് മിനിറ്റുകള്‍ക്ക് ശേഷം ഇവോബി ഒരിക്കല്‍ കൂടി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിനെ നിശബ്ദമാക്കി. 41ാം മിനിറ്റിലായിരുന്നു ഗോള്‍.  

60 മിനിറ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ പുതിയ സൈനിങ്ങായ കോവാസിച്ച് കളത്തില്‍. കൂടെ ഈഡന്‍ ഹസാര്‍ഡും. ഇതോടെ ചെല്‍സി ആധിപത്യമുറപ്പിച്ചു.  81ാം മിനിറ്റില്‍ ചെല്‍സിയുടെ വിജയ ഗോളും പിറന്നു. ഹസാര്‍ഡിന്റെ പാസ് ഗോളാക്കി അലോന്‍സോ സാറിക്ക് ആദ്യ ഹോം ഗ്രൗണ്ട് ജയം സമ്മാനിച്ചു.
 

click me!