കരാറുറച്ചു; വിദാല്‍ ബാഴ്‌സലോണയില്‍

By Web TeamFirst Published Aug 4, 2018, 10:08 AM IST
Highlights
  • ബയേണ്‍ മ്യൂനിച്ചില്‍ നിന്ന് 20 ദശലക്ഷം യൂറോയ്ക്കാണ് വിദാല്‍ ബാഴ്‌സലോണയിലെത്തിയത്.
     

ബാഴ്‌സലോണ: ചിലിയുടെ മധ്യനിര താരം അര്‍തുറോ വിദാല്‍ ബാഴ്‌സലോണയില്‍. ബയേണ്‍ മ്യൂനിച്ചില്‍ നിന്ന് 20 ദശലക്ഷം യൂറോയ്ക്കാണ് വിദാല്‍ ബാഴ്‌സലോണയിലെത്തിയത്. ബ്രസീലിയന്‍ താരങ്ങളായ ആര്‍തര്‍, മാല്‍ക്കം എന്നിവരെ ടീമിലെത്തിച്ചതിന് പിന്നാലെയാണ് ഗ്രൗണ്ട് നിറഞ്ഞ് കളിക്കുന്ന വിദാലിനെയും ബാഴ്സ സ്വന്തമാക്കുന്നത്. വിദാല്‍ ഇറ്റാലിയന്‍ ക്ലബിലേക്ക് മാറിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ബാഴ്സയുടെ രംഗപ്രവേശം.

ബയേണുമായി താരത്തെ സ്വന്തമാക്കുന്നത് സംബന്ധിച്ച് തീരുമാനമായതായി ബാഴ്‌സലോണ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം ബാഴ്‌സയിലെത്തുക. വിദാല്‍ വരുന്നതോടെ ബാഴ്‌സയുടെ മധ്യനിര കൂടുതല്‍ ശക്തമാവും. ഇനിയേസ്റ്റയുടെ വിടവാങ്ങലും പൗളീഞ്ഞോ ചൈനീസ് ലീഗിലേക്ക് തിരികെ പോയതും ബാഴ്‌സ മധ്യനിരയെ കുഴപ്പിച്ചിട്ടുണ്ട്. ആ വിടവ് നികത്താനാണ് ബാഴ്‌സയുടെ ശ്രമം. 

ബയേര്‍ ലെവര്‍ക്യൂസനായിരുന്നു വിദാലിന്റെ ആദ്യ യൂറോപ്യന്‍ ക്ലബ്. രണ്ട് വര്‍ഷത്തെ അവിടുത്തെ സഹവാസത്തിന് ശേഷം യുവന്റസിലേക്ക് ചേക്കേറി. ഇറ്റാലിയന്‍ ചാംപ്യന്മാര്‍ക്കായി 124 മത്സരങ്ങള്‍ കളിച്ച വിദാല്‍ 35 ഗോളും നേടി. 2015ല്‍ താരം ബയേണിലെത്തി. ബയേണിനായി 79 മത്സരങ്ങള്‍ കളിച്ച വിദാല്‍ 14 ഗോളും നേടി. മ്യൂനിച്ചിനൊപ്പം മൂന്ന് തവണ ബുണ്ടസ് ലീഗ കിരീടം സ്വന്തമാക്കിയാണ് വിദാല്‍. 

ബാഴ്‌സയ്‌ക്കൊപ്പം ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനും വിദാലിന് വേണ്ടി രംഗത്തുണ്ടായിരുന്നു.
 

click me!