അശ്വമേധത്തില്‍ വിറച്ച് ഇംഗ്ലണ്ട്

By Web DeskFirst Published Nov 28, 2016, 11:23 AM IST
Highlights

മൊഹാലി: വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പില്‍ 134 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിലേക്ക് ചുവടുവെയ്ക്കുന്നു. 134 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. 36 റണ്‍സുമായി ജോ റൂട്ടും റണ്ണൊന്നുമെടുക്കാതെ ഗാരത് ബാറ്റിയുമാണ് ക്രീസില്‍.

ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്(12), മോയിന്‍ അലി(5), ബെന്‍ സ്റ്റോക്സ്(5) എന്നിവരെ മടക്കി അശ്വിനാണ് രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്റെ തകര്‍ത്തത്. ഒന്നാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ ജോണി ബെയര്‍സ്റ്റോയെ(15) ജയന്ത് യാദവ് വീഴ്‌ത്തി. ഓപ്പണര്‍ ഹസീബ് ഹമീദ് വിരലിനേറ്റ പരിക്ക് കാരണം ബാറ്റിനിംഗിറങ്ങിയില്ല.

ആറ് വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്സോറിന് 56 റണ്‍സ് പുറകിലാണ് ഇംഗ്ലണ്ട് ഇപ്പോഴും. ഹമീദ് ഇറങ്ങിയില്ലെങ്കില്‍ ക്രീസിലുള്ള റൂട്ടിനു പുറമെ ജോസ് ബട്‌ലര്‍ മാത്രമാണ് ഇനി അവശേഷിക്കുന്ന ഏക അംഗീകൃത ബാറ്റ്സ്മാന്‍. നാലാം ദിനം സ്പിന്നിനെ കൂടുതല്‍ തുണയ്ക്കുമെന്ന് കരുതുന്ന പിച്ചില്‍ വലിയ ആയാസമില്ലാതെ ഇന്ത്യ വിജയം എത്തിപ്പിടിക്കുമെന്നാണ് കരുതുന്നത്.

നേരത്തെ വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പിലാണ് ഇന്ത്യ മികച്ച ലീഡ് സ്വന്തമാക്കിയത്. ഒരുഘട്ടത്തില്‍ 204/6 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ അവസാന നാലു വിക്കറ്റില്‍ 213 റണ്‍സാണ് അടിച്ചെടുത്തത്. 271/6 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയെ ആദ്യമണിക്കൂറില്‍ അശ്വിനും ജഡേജയും ചേര്‍ന്ന് 300 കടത്തി.

അശ്വിന്‍(72) പുറത്തായശേഷം പോരാട്ടം ഏറ്റെടുത്ത ജഡേജ 90 റണ്‍സുമായി ടെസ്റ്റിലെ തന്റെ ടോപ് സ്കോര്‍ കണ്ടെത്തിയപ്പോള്‍ 55 റണ്‍സെടുത്ത ജയന്ത് യാദവ് മികച്ച കൂട്ടാളിയായി. ജഡേജ പുറത്തായശേഷം ഉമേഷ് ദായവിനെ(12) കൂട്ടുപിടിച്ച് ജയന്ത് യാദവാണ് ഇന്ത്യയെ 400 കടത്തിയത്. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ആദില്‍ റഷീദ് നാലു വിക്കറ്റെടുത്തു.

 

 

click me!