
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 174 റണ്‍സ് വിജയലക്ഷ്യം. ബംഗ്ലാദേശിന്റെ തലയും വാലും അറത്ത് പേസ് ബൗളര്‍മാരും നടുവൊടിച്ച ജഡേജയും ചേര്‍ന്നാണ് കടുവകളെ 173 റണ്‍സിലൊതുക്കിയത്. വാലറ്റത്ത് മെഹ്ദി ഹസനും(42) മഷ്റഫി മൊര്‍ട്ടാസയും(26) ചേര്‍ന്നാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ ഭുവനേശ്വര്‍കുമാറും ബൂംമ്രയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.
ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസിനെ(7) ഭുവനേശ്വര്‍ കുമാറും നസിമുള്‍ ഹൊസൈന്‍ ഷാന്റോ(7)യെ ബൂംമ്രയും മടക്കിയതോടെ ബംഗ്ലാദേശ് തുടക്കത്തിലെ തകര്‍ന്നു. പിന്നീട് ഷക്കീബ് അല്‍ ഹസനും മുഷ്ഫീഖുര്‍ റഹീമും കൂടി ബംഗ്ലാദേശിനെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും ഇരുവരെയും മടക്കി രവീന്ദ്ര ജഡേജ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവും ആഘോഷമാക്കി.
17 റണ്‍സെടുത്ത ഷക്കീബിനെ ജഡേജ ധവാന്റെ കൈകകളിലെത്തിച്ചപ്പോള്‍ 21 റണ്‍സെടുത്ത മുഷ്ഫീഖുര്‍ ചാഹലിന് ക്യാച്ച് നല്‍കി മടങ്ങി. മൊഹമ്മദ് മിഥുനെയും(9) വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ വീണ്ടും ആഞ്ഞടിച്ചതോടെ ബംഗ്ലാദേശ് കൂട്ടത്തകര്‍ച്ചയിലായി. മഷ്റഫി മൊര്‍ത്താസക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച മൊസാദെക് ഹൊസൈനെയും ജഡേജ തന്നെ മടക്കി. പിന്നീടായിരുന്നു ബംഗ്ലാദേശിന്റെ ഈ മത്സരത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നത്.
മഷ്റഫിയും മെഹ്ദിയും ചേര്‍ന് എട്ടാം വിക്കറ്റില്‍ 66 റണ്‍സടിച്ച് ബംഗ്ലാദേശ് ഇന്നിംഗ്സിന് അല്‍പം മാന്യത നല്‍കി. മെഹ്ദിയെ ബൂംമ്രയും മൊര്‍ത്താസയെ ഭുവിയും മടക്കിയതോടെ ബംഗ്ലാദേശിന്റെ ചെറുത്തുനില്‍പ്പ് 49.1 ഓവറില്‍ 173 റണ്‍സില്‍ അവസാനിച്ചു. ചാഹലിനും കുല്‍ദീപിനും വിക്കറ്റൊന്നും ലഭിച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!