കടുവകളുടെ നടുവൊടിച്ച് വനവാസത്തിനുശേഷമുള്ള തിരിച്ചുവരവ് ആഘോഷമാക്കി ജഡേജ

Published : Sep 21, 2018, 08:05 PM IST
കടുവകളുടെ നടുവൊടിച്ച് വനവാസത്തിനുശേഷമുള്ള തിരിച്ചുവരവ് ആഘോഷമാക്കി ജഡേജ

Synopsis

ഏകദിന, ട്വന്റി-20 ടീമുകളില്‍ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരം രവീന്ദ്ര ജഡേജ തീര്‍ത്തത് ബംഗ്ലാദേശിന്റെ നടുവൊടിച്ച്. 14 മാസത്തെ ഇടവേളക്കുശേഷമാണ് ജഡേജ ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തുന്നത്. ഏഷ്യാ കപ്പിനുള്ള ടീമില്‍ ജഡേജ ഇല്ലായിരുന്നെങ്കിലും ആദ്യ മത്സരത്തിനുശേഷം അക്ഷര്‍ പട്ടേലിന് പരിക്കേറ്റതോടെ അപ്രതീക്ഷിതമായി ജഡേജക്ക് നറുക്കുവീഴുകയായിരുന്നു.

ദുബായ്: ഏകദിന, ട്വന്റി-20 ടീമുകളില്‍ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരം രവീന്ദ്ര ജഡേജ തീര്‍ത്തത് ബംഗ്ലാദേശിന്റെ നടുവൊടിച്ച്. 14 മാസത്തെ ഇടവേളക്കുശേഷമാണ് ജഡേജ ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തുന്നത്. ഏഷ്യാ കപ്പിനുള്ള ടീമില്‍ ജഡേജ ഇല്ലായിരുന്നെങ്കിലും ആദ്യ മത്സരത്തിനുശേഷം അക്ഷര്‍ പട്ടേലിന് പരിക്കേറ്റതോടെ അപ്രതീക്ഷിതമായി ജഡേജക്ക് നറുക്കുവീഴുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ നാലു ടെസ്റ്റിലും കരയ്ക്കിരുന്ന് കളി കണ്ട ജഡേജക്ക് അവസാന ടെസ്റ്റില്‍ അശ്വിന് പരിക്കേറ്റതോടെയാണ് അവസരം ലഭിച്ചത്. കളിച്ച ഒരേയൊരു ടെസ്റ്റില്‍ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങുകയും ചെയ്തു. എന്നാല്‍ അപ്പോഴും ഏകദിന ടീമിലേക്കുള്ള വിളി വന്നില്ല. റിസ്റ്റ് സ്പിന്നര്‍മാരായ ചാഹലിന്റെയും കുല്‍ദീപ് യാദവിന്റെയും വരവോടെയാണ് ഏകദിന, ട്വന്റി-20 ടീമുകളിലെ അവിഭാജ്യ ഘടകമായിരുന്ന ജഡേജയും അശ്വിനും ടീമില്‍ നിന്ന് പുറത്തായത്.

പിന്നീട് ടെസ്റ്റ് ടീമില്‍ മാത്രമായി ഇരുവരുടെയും സ്ഥാനം. അതില്‍തന്നെ വിദേശത്തെ ടെസ്റ്റുകളില്‍ അശ്വിന്‍ മാത്രമാണ് അന്തിമ ഇലവനില്‍ കളിക്കാറുള്ളത്. സ്പിന്നര്‍മാരെ സഹായിക്കുന്ന ദുബായിലെ പിച്ചില്‍ കുല്‍ദീപിനും ചാഹലിനുമൊപ്പം സെലക്ടര്‍മാര്‍ അക്ഷര്‍ പട്ടേലിന് അവസരം നല്‍കിയതിനെതിരെ അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ അക്ഷറിന്റെ പരിക്ക് ജഡേജക്കും ഇന്ത്യക്കും അനുഗ്രഹമായി. ഹര്‍ദ്ദീക് പാണ്ഡ്യക്കും പരിക്കേറ്റതിനാല്‍ ബംഗ്ലാദേശിനെതിരെ ഓള്‍റൗണ്ടറായി ജഡേജ അന്തിമ ഇലവനില്‍ ഇറങ്ങുകയും ചെയ്തു.

ഭുവിയും ബൂംമ്രയും ചേര്‍ന്ന് ബംഗ്ലാദേശിന്റെ തലയറുത്തപ്പോള്‍ നടുവൊടിച്ചത് ജഡേജയായിരുന്നു. 10 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ്. ബംഗ്ലാദേശിന്റെ വിശ്വസ്തരായ ഷക്കീബ് അല്‍ ഹസന്‍, മുഷ്ഫീഖുര്‍ റഹീം, മൊഹമ്മദ് മിഥുന്‍, മൊസാദേക് ഹൊസൈന്‍ എന്നിവരാണ് ജഡേജക്ക് മുന്നില്‍ കറങ്ങി വീണത്. ഇതേ പ്രകടനം തുടര്‍ന്നാല്‍ അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും ജഡേജക്ക് അവകാശവാദമുന്നയിക്കാനാവും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചു, മലയാളിയും ടീമില്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ക്യാപ്റ്റനായി വൈഭവ്
ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്