ഒടുവില്‍ പാക് നായകനും സമ്മതിച്ചു; ഇന്ത്യ അതുക്കും മേലെയെന്ന്

By Web TeamFirst Published Sep 24, 2018, 4:12 PM IST
Highlights

ഏഷ്യാ കപ്പിന് മുമ്പ് ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു പാക്കിസ്ഥാന്‍. ചാമ്പ്യന്‍സ് ട്രോഫിയിലെ ജയം കൊണ്ട് പാക്കിസ്ഥാന് ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ മുന്‍തൂക്കമുണ്ടെന്നും വിലയിരുത്തപ്പെട്ടു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും പാക്കിസ്ഥാനെ ഇന്ത്യ ആധികാരികമായി കീഴടക്കിയതോടെ പാക്കിസ്ഥാന്‍ നായകന്‍ സഫ്രാസ് അഹമ്മദ് തന്നെ ഇന്ത്യയുടെ മികവ് അംഗീകരിച്ചു

ദുബായ്: ഏഷ്യാ കപ്പിന് മുമ്പ് ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു പാക്കിസ്ഥാന്‍. ചാമ്പ്യന്‍സ് ട്രോഫിയിലെ ജയം കൊണ്ട് പാക്കിസ്ഥാന് ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ മുന്‍തൂക്കമുണ്ടെന്നും വിലയിരുത്തപ്പെട്ടു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും പാക്കിസ്ഥാനെ ഇന്ത്യ ആധികാരികമായി കീഴടക്കിയതോടെ പാക്കിസ്ഥാന്‍ നായകന്‍ സഫ്രാസ് അഹമ്മദ് തന്നെ ഇന്ത്യയുടെ മികവ് അംഗീകരിച്ചു.

മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് സര്‍ഫ്രാസ് ഇന്ത്യന്‍ മികവിനെക്കുറിച്ച് പറഞ്ഞത്. ഇന്ത്യയുടെ മികവിനൊത്ത് ഉയരാന്‍ പാക്കിസ്ഥാനാവുന്നില്ലെന്ന് സര്‍ഫ്രാസ് പറഞ്ഞു. ഇന്ത്യയുടെ മികവിന്റെ നിലവാരം വളരെ ഉയര്‍ന്നതാണ്. ഞങ്ങള്‍ക്ക് അതിന് അടുത്തെത്താനായില്ല. എന്നാല്‍ ഫൈനലില്‍ എത്തിയാല്‍ ഞങ്ങള്‍ക്ക് മികവ് കാട്ടാനാവും. ബംഗ്ലാദേശിനെതിരായ അടുത്തകളി ഞങ്ങള്‍ക്ക് ജീവന്‍മരണ പോരാട്ടമാണ്. അതില്‍ ഞങ്ങള്‍ മികവിലേക്ക് ഉയരും.-സര്‍ഫ്രാസ് പറഞ്ഞു.

തങ്ങള്‍ പ്രതീക്ഷിച്ചിതിനേക്കാള്‍ 20-30 റണ്‍സ് കുറച്ചേ ഇന്ത്യക്കെതിരെ നേടാനായുള്ളു എന്നും സര്‍ഫ്രാസ് പറഞ്ഞു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ക്യാച്ച് രണ്ടു തവണ കളഞ്ഞത് തിരിച്ചടിയായി. രോഹിത് 14 റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ ഇമാമുള്‍ ഹഖും 81ല്‍ നില്‍ക്കെ ഫക്കര്‍ സമനും കൈവിട്ടിരുന്നു. ഇത്തരത്തില്‍ കൈവിട്ട കളി കളിച്ചാല്‍ മത്സരങ്ങള്‍ ജയിക്കാന്‍ പോണില്ലെന്ന് സര്‍ഫ്രാസ് പറഞ്ഞു.

ഫീല്‍ഡിംഗില്‍ ഞങ്ങള്‍ കഠിന പരിശീലനം നടത്തുന്നുണ്ട്. പക്ഷെ പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നില്ല. ഇന്ത്യക്കെതിരെ തുടക്കത്തിലെ വിക്കറ്റ് നേടാനായിരുന്നു ശ്രമം. പക്ഷെ നിലയുറപ്പിച്ച് കളിക്കാനാണ് അവര്‍ ശ്രമിച്ചത്. രോഹിത്തിനെയും ധവാനെയുംപോലുള്ള ബാറ്റ്സ്മാന്‍മാര്‍ നിലയുറപ്പിച്ചാല്‍ പിന്നെ തിരിച്ചുവരവ് അസാധ്യമാണെന്നും സര്‍ഫ്രാസ് പറഞ്ഞു.

click me!