
കൊച്ചി: ഒരു ഏഷ്യന്‍ ഗെയിംസിനുകൂടി അരങ്ങൊരുങ്ങുമ്പോള്‍ ഇരമ്പുന്ന ഓർമകളുമായി ടി.സി യോഹന്നാന്‍ കൊച്ചിയിലെ വീട്ടില്‍ വിശ്രമത്തിലാണ്. 1974ലെ ഗെയിംസില്‍ എട്ട് മീറ്ററിലധികം താണ്ടി യോഹന്നാന്‍ ലോംഗ്‌ജംപിൽ സ്ഥാപിച്ച റെക്കോർഡിന് മൂന്ന് പതിറ്റാണ്ടിലേറെകാലം ഇളക്കമില്ലായിരുന്നു.
ഒരിക്കല്‍ കുഞ്ഞു യോഹന്നാന്‍ സ്കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി കനാലിനുകുറുകെ ചാടാന്‍ ശ്രമിച്ചപ്പോള്‍ മറിഞ്ഞുവീണ് മേലാകെ നനഞ്ഞു. വീട്ടിലേക്കു നനഞ്ഞ് കയറിചെന്നാല്‍ അപ്പന്‍റെ വക തല്ലുകിട്ടുമെന്നുറപ്പ്. പക്ഷേ അപ്പന്‍ പറഞ്ഞത് മറ്റൊന്ന്. കനാല്‍ ചാടിക്കടന്നാല്‍ നാരങ്ങാവെള്ളം. ആ വാക്കുകളാണ് എക്കാലത്തെയും മികച്ച ലോങ്ജംപ് താരത്തെ രാജ്യത്തിന് സമ്മാനിച്ചത്.
പതിറ്റാണ്ടുകള്‍ക്കിപ്പുറം മറ്റൊരു കായിക മാമാങ്കത്തിനുകൂടി അരങ്ങൊരുങ്ങുമ്പോള്‍ തടത്തുവിള ചാണ്ടപ്പിള്ള യോഹന്നാന് ഓർമകളുമുണരും. ഇത്തവണ ഇന്ത്യ മെഡലുകള്‍ വാരിക്കൂട്ടുമെന്നാണ് പ്രതീക്ഷ. പുതിയ താരങ്ങളില്‍ പ്രതീക്ഷയുണ്ട്, തോല്‍ക്കില്ലെന്ന് മനസിനെ പാകപ്പെടുത്തണമെന്നും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുകളിലൊരാള്‍ പറയുന്നു.