
ജക്കാര്‍ത്ത: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ സ്വർണം തേടി ഇന്ത്യ ഇന്നിറങ്ങും. ഫൈനലിൽ ജപ്പാന്‍ ആണ് എതിരാളികൾ. ഇന്ത്യൻ സമയം വൈകീട്ട് 6:30നു ആണ് ഫൈനൽ. സെമിയില്‍ ചൈനയെ ഒറ്റ ഗോളിന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. പുള്‍ സ്റ്റേജില്‍ ഇന്തോനേഷ്യ, കസാക്കിസ്ഥാന്‍, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ് ടീമുകളെ വന്‍ മാര്‍ജിനില്‍ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
വനിതാ ഹോക്കിയില്‍ 36 വര്‍ഷത്തിനിടയിലെ ആദ്യ സ്വര്‍ണമാണ് ഇന്ത്യയുടെ ലക്ഷ്യം. ആദ്യമായി വനിതാ ഹോക്കി ഉള്‍പ്പെടുത്തിയ 1982 ഗെയിംസിലാണ് ഇന്ത്യ നേരത്തെ സ്വര്‍ണം നേടിയത്. 1998ല്‍ വെള്ളിയും 2006ലും 2014ലും വെങ്കലവും സ്വന്തമാക്കി. സ്‌ക്വാഷ് ടീം ഇനത്തിൽ ഇന്ത്യന്‍ പുരുഷ- വനിതാ ടീമുകള്‍ക്കും ഇന്ന് സെമി ഉണ്ട്. ബോക്സിങ് സെമിയിൽ വികാസ് കൃഷനും അമിതും മത്സരിക്കും. നിലവിൽ 13 സ്വർണവുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.