ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി-20 നാളെ; 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

By Web TeamFirst Published Nov 20, 2018, 12:52 PM IST
Highlights

ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ ബ്രിസ്ബേനില്‍ തുടക്കമാവാനിരിക്കെ ആദ്യ മത്സരത്തിനുള്ള 12 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യര്‍ മനീഷ് പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ് എന്നിവര്‍ക്ക് 12 അംഗ ടീമില്‍ ഇടമില്ല.

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ ബ്രിസ്ബേനില്‍ തുടക്കമാവാനിരിക്കെ ആദ്യ മത്സരത്തിനുള്ള 12 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യര്‍ മനീഷ് പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ് എന്നിവര്‍ക്ക് 12 അംഗ ടീമില്‍ ഇടമില്ല.

ഇടവേളക്കുശേഷം വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തുന്ന ടീമില്‍ രോഹിത് ശര്‍മയും ശീഖര്‍ ധവാനും തന്നെയാണ് ഓപ്പണര്‍മാര്‍. കെ എല്‍ രാഹുലും 12 അംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂമ്ര, ഖലീല്‍ അഹമ്മദ്, എന്നിവരാണ് 12 അംഗ ടീമില്‍ ഇടം നേടിയവര്‍.

സ്പിന്നര്‍മാരായി ചാഹലും കുല്‍ദീപും ടീമിലുണ്ടെങ്കിലും ഇവരില്‍ ഒരാള്‍ മാത്രമെ അന്തിമ ഇലവനില്‍ കളിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് സൂചന. വെസ്റ്റ് ഇന്‍ഡീസിനെതിരായ മികച്ച പ്രകടനം ക്രുനാല്‍ പാണ്ഡ്യക്ക് അന്തിമ ഇലവനില്‍ ഇടം നല്‍കിയേക്കും. വിരാട് കോലി വണ്‍ ഡൗണായി ഇറങ്ങുമ്പോള്‍ കെഎല്‍ രാഹുല്‍ നാലാം നമ്പറിലെത്താനാണ് സാധ്യത.

click me!