ഇംഗ്ലണ്ട് സൂക്ഷിക്കൂ, ഓസീസ് ക്രിക്കറ്റ് ടീം ഉസൈൻ ബോൾട്ടിന്റെ സഹായം തേടി!

By Web DeskFirst Published Nov 20, 2017, 6:28 PM IST
Highlights

ലോകത്തെ അതിവേഗ ഓട്ടക്കാരനാണ് ഉസൈൻ ബോൾട്ട്. ഒളിംപിക്സ് സ്വർണങ്ങളിൽ റെക്കോര്‍ഡിട്ട ബോൾട്ടിന്റെ ക്രിക്കറ്റ് ബന്ധമൊക്കെ എല്ലാവ‍ർക്കുമറിയാം. അത്‌ലറ്റിക്സിൽ വന്നില്ലായിരുന്നെങ്കിൽ താനൊരു ക്രിക്കറ്റ് താരമാകുമായിരുന്നുവെന്ന് ബോൾട്ട് പലതവണ പറഞ്ഞിട്ടുണ്ട്. എന്നാൽ ബോൾട്ടിന് ഒരു ക്രിക്കറ്റ് ടീമിനെ ഏതെങ്കിലും തരത്തിൽ സഹായിക്കാനാകുമോ? ഇല്ല എന്നു പറയാൻ വരട്ടെ. ആഷസ് പോരാട്ടത്തിനൊരുങ്ങുന്ന ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമാണ് ബോൾട്ടിന്റെ സഹായം തേടിയത്. വിക്കറ്റുകൾക്കിടയിലെ ഓട്ടം മെച്ചപ്പെടുത്തുന്നതിനാണ് ഓസീസ് ടീം ബോൾട്ടിന്റെ സഹായം തേടിയത്. മുൻകാലങ്ങളിൽ ഈ മേഖലയിൽ മിടുക്കൻമാരായിരുന്നു ഓസീസ് ടീം. എന്നാൽ പൊതുവെ മറ്റു ടീമുകളെ അപേക്ഷിച്ച് വിക്കറ്റിനിടയിലെ ഓട്ടത്തിൽ ദുർബലരാണ് ഇപ്പോഴത്തെ ഓസീസ് ടീം. വേഗത്തില്‍ ഓടാൻ ബോൾട്ട് ചില വിദ്യകൾ പറഞ്ഞുതന്നതായി ഓസീസ് മധ്യനിര ബാറ്റ്‌സ്‌മാൻ പീറ്റ‍ർ ഹാൻഡ്സ്കോംബ് പറഞ്ഞു. ആദ്യ കുറച്ചു ചുവടുകൾ ഓടുന്നതാണ് നിർണായകം ആദ്യമേ വേഗത കൈവരിച്ചാൽ നന്നായി ഓടാനാകുമെന്നും ഹാന്‍ഡ്സ്‌കോംബ്. ഏതായാലും ബോൾട്ടിന്റെ ഉപദേശം ഏറെ ഉപകാരപ്രദമായി എന്ന അഭിപ്രായമാണ് ഓസീസ് ടീം അംഗങ്ങള്‍ക്കുള്ളത്. ആഷസ് പരമ്പരയിലെ ആദ്യ മൽസരം നവംബ‍ർ 23 മുതൽ ബ്രിസ്ബെയ്നിലെ ഗാബയിൽ നടക്കും.

click me!