ഓസീസ് പേസര്‍ ഷോണ്‍ ടെയ്റ്റിന് ഇന്ത്യന്‍ പൗരത്വം; ഇന്ത്യക്കായി കളിക്കുമോ ?

By Web DeskFirst Published Mar 24, 2017, 10:41 AM IST
Highlights

ദില്ലി: ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ഷോണ്‍ ടെയ്റ്റ് ഒടുവില്‍ പ്രവാസി ഇന്ത്യക്കാരനായി. 2014ല്‍ ഇന്ത്യന്‍ മോഡലായ മഷ്‌റൂം സിന്‍ഹയെ വിവാഹം കഴിച്ച ടെയ്റ്റിന് പ്രവാസി ഇന്ത്യക്കാരനുള്ള(ഓവര്‍സീസ് ഇന്ത്യന്‍) പാസ്പോര്‍ട്ട് അനുവദിച്ചു. നാലുവര്‍ഷത്തെ ഡേറ്റിംഗിനൊടുവിലാണ് ടൈറ്റ് മഷ്റൂം സിന്‍ഹയെ വിവാഹം കഴിച്ചത്. 2010ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഐപിഎല്‍ കളിക്കാനെത്തിയപ്പോഴായിരുന്നു മഷ്‌റൂം സിന്‍ഹയെ ടെയ്റ്റ് പരിചയപ്പെട്ടത്. ഇന്ത്യന്‍ താരങ്ങളായ സഹീര്‍ ഖാനും യുവരാജ് സിംഗും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

വിവാഹശേഷമാണ് ടെയ്റ്റ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചത്. എന്നാല്‍ ഇരട്ട പൗരത്വം ഇന്ത്യ അംഗീകരിക്കാത്തിനാല്‍ ടെയ്റ്റിനെ ഇന്ത്യയുടെ പ്രവാസി പൗരനാക്കുകയായിരുന്നു. ട്വിറ്ററിലൂടെ താരം തന്നെ തന്റെ പാസ്‌പോര്‍ട്ടിന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ പന്തെറിഞ്ഞതിന്റെ റെക്കോര്‍ഡ് ടെയ്റ്റിന്റെ പേരിലാണ്.

pic.twitter.com/lpTPubjXjP

— Shaun Tait (@shaun_tait32) March 19, 2017

2007ലെ ഏകദിന ലോകകപ്പില്‍ 23 വിക്കറ്റുമായി ടൂര്‍ണമെന്റിലെ രണ്ടാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനായ ടെയ്റ്റിന് പക്ഷെ പിന്നീട് ആ മികവ് നിലനിര്‍ത്താനായില്ല. 2008ല്‍ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ ടെയ്റ്റ് 2011ല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. പരിക്കും ഫോമില്ലായ്മയും മൂലം ഓസീസ് ട്വന്റി-20 ടീമില്‍ വന്നും പോയുമിരുന്ന ടെയ്റ്റ് 2016 ജനുവരിയിലാണ് അവസാനമായി ഓസീസിനായി കളിച്ചത്.

പ്രവാസി ഇന്ത്യന്‍ പൗരത്വം ലഭിച്ച ടെയ്റ്റിന് ഇന്ത്യക്കായി കളിക്കാനാവുമോ എന്ന ചര്‍ച്ച ക്രിക്കറ്റ് ലോകത്ത് സജീവമാണെങ്കിലും അതിനുള്ള സാധ്യത വിരളമാണ്. ഐസിസി നിയമപ്രകാരം ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് കളിച്ച താരത്തിന് നാലുവര്‍ഷം കഴിഞ്ഞ് മാത്രമെ മറ്റൊരു രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാനാകു. ഇപ്പോള്‍ 34 വയസുള്ള ടെയ്റ്റിന് ഇന്ത്യക്കായി കളിക്കാന്‍ യോഗ്യനാവണമെങ്കില്‍ 38 വയസുവരെ കാത്തിരിക്കേണ്ടിവരുമെന്ന് ചുരുക്കം. ഓസ്‌ട്രേലിയക്കായി മൂന്ന് ടെസ്റ്റും 35 ഏകദിനവും 21 ടി20യും ഷോണ്‍ ടെയ്റ്റ് കളിച്ചിട്ടുണ്ട്.

click me!