'ഓസീസ് താരങ്ങള്‍ക്ക് പിന്നില്‍ നിന്ന് ചവിട്ട് അത്യാവശ്യം'; പൊട്ടിത്തെറിച്ച് വോണ്‍

By Web TeamFirst Published Oct 23, 2018, 3:19 PM IST
Highlights

പാക്കിസ്ഥാനോട് ടെസ്റ്റ് പരമ്പര കൈവിട്ട ഓസീസ് താരങ്ങളെ പിന്നില്‍ നിന്ന് ചവിട്ടണമെന്ന് ഷെയ്‌ന്‍ വോണ്‍. ബാറ്റ്‌സ്മാന്‍മാര്‍ കളി മറന്ന രണ്ടാം ടെസ്റ്റില്‍ ഓസീസ് 373 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങിയിരുന്നു. 

മെല്‍ബണ്‍: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ട ഓസീസ് ടീമിനെതിരെ ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണ്‍ രംഗത്ത്. മോശം പ്രകടനം കാഴ്‌ച്ചവെക്കുമ്പോഴും ഓസീസ് ടീമിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ പ്രകടനം മെച്ചപ്പെടുത്താന്‍ അവര്‍ക്ക് പിന്നില്‍ നിന്നൊരു ചവിട്ട് ഇപ്പോള്‍ അത്യാവശ്യമാണെന്ന് മുന്‍ താരം പറഞ്ഞു. ആദ്യ ടെസ്റ്റില്‍ ഖവാ‌ജയുടെയും പെയ്‌നിന്‍റെയും പ്രതിരോധത്തില്‍ സമനില എത്തിപ്പിടിച്ച ഓസീസ് രണ്ടാം മത്സരത്തില്‍ 373 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങിയിരുന്നു.

വൈസ് ക്യാപ്‌റ്റനും ഓള്‍റൗണ്ടറുമായ മിച്ചല്‍ മാര്‍ഷിനു നേരെയാണ് വോണ്‍ കൂടുതല്‍ അമ്പ് എയ്യുന്നത്. 'മിച്ചല്‍ ടീമില്‍ കഴിവു തെളിയിച്ചിട്ടുള്ള താരമാണെന്ന് പരമ്പരയ്ക്ക് മുന്‍പേ തനിക്ക് തോന്നിയിരുന്നില്ല. അതിനാല്‍ ഉപനായകനായി താരത്തെ തെരഞ്ഞടുത്തത് അവിശ്വസനീയമാണ്. ഓള്‍റൗണ്ടറായ താരത്തിന്‍റെ ബാറ്റിംഗ് ശരാശരി 26 മാത്രം. മാര്‍ഷ് സഹോദരന്‍മാരുടെ വലിയ ആരാധകനാണ് താന്‍. എന്നാല്‍ ഇരുവരും റണ്‍സ് കണ്ടെത്തണം. അതിന് കഴിയുന്നില്ലെങ്കില്‍ ഫോമിലുള്ള മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും' വോണ്‍ പറഞ്ഞു. 

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്‍റെ അടിസ്ഥാനം ക്ലബ്, ഫസ്റ്റ് ക്ലാസ്, ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരങ്ങളാണെന്നും വോണ്‍ വ്യക്തമാക്കി. പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ നായകന്‍ സ്റ്റീവ് ‌സ്‌മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും വിലക്കിലായ ശേഷം ഓസീസ് ടീമിന് ഉയര്‍ത്തെണീക്കാനായിട്ടില്ല. മറ്റൊരു ഓപ്പണര്‍ ബന്‍ക്രോഫ്‌റ്റിനും വിലക്ക് ലഭിച്ചിരുന്നു. സ്മിത്തിനും വാര്‍ണര്‍ക്കും 12 മാസം വിലക്കും ബന്‍ക്രോഫ്റ്റിന് ഒമ്പത് മാസം വിലക്കുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിധിച്ചത്. 


 

click me!