ഇന്ത്യയും ശ്രീലങ്കയും വേദിയാകുന്ന ടി20 ലോകകപ്പിനുള്ള മാച്ച് ഒഫീഷ്യൽസിനെ ഐസിസി പ്രഖ്യാപിച്ചു. മലയാളി താരം കെ എന്‍ അനന്തപത്മനാഭൻ ലോകകപ്പിൽ അംപയറായി അരങ്ങേറ്റം കുറിക്കും.

ദുബായ്: ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി വേദിയാകുന്ന ടി20 ലോകകപ്പിനുള്ള മാച്ച് ഒഫീഷ്യല്‍സിനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. പട്ടികയില്‍ മൂന്ന് ഇന്ത്യക്കാരാണ് ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യയുടെ എലൈറ്റ് പാനല്‍ അംപയര്‍ നിതിന്‍ മേനോന്‍, ജെ മദനഗോപാല്‍, മുന്‍ ക്രിക്കറ്ററും മലയാളിയുമായ കെ എന്‍ അനന്തപത്മനാഭന്‍ എന്നിവരാണ് ഈ ലോകവേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മാച്ച് റഫറിമാരുടെ പട്ടികയില്‍ ഇന്ത്യയുടെ ജവഗല്‍ ശ്രീനാഥും ഇടംപിടിച്ചിട്ടുണ്ട്.

നിതിന്‍ മേനോന് ഇത് നാലാം ലോകകപ്പ്

ഐസിസിയുടെ എലൈറ്റ് പാനലിലെ ഏക ഇന്ത്യക്കാരനായ നിതിന്‍ മേനോന്റെ നാലാമത്തെ ടി20 ലോകകപ്പാണിത്. 2021, 2022, 2024 വര്‍ഷങ്ങളിലെ ലോകകപ്പുകളിലും അദ്ദേഹം അംപയറായിരുന്നു. നിലവില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയുടെ ഭാഗമായ നിതിന്‍ മേനോന്‍, ശനിയാഴ്ച തന്റെ 150-ാം അന്താരാഷ്ട്ര മത്സരത്തില്‍ അംപയറായി ചരിത്രനേട്ടം കുറിക്കും. ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ അംപയറാണ് അദ്ദേഹം.

അനന്തപത്മനാഭന്റെ അരങ്ങേറ്റം

മലയാളികളുടെ അഭിമാനം മുന്‍ കേരള താരം കെ എന്‍ അനന്തപത്മനാഭന്‍ ആദ്യമായി ടി20 ലോകകപ്പില്‍ അംപയറായി അരങ്ങേറും. മദനഗോപാലിന്റെ രണ്ടാമത്തെ ടി20 ലോകകപ്പാണിത്. ലോകകപ്പിന്റെ ഉദ്ഘാടന ദിനമായ ഫെബ്രുവരി 7ന് നടക്കുന്ന സ്‌കോട്ട്ലന്‍ഡ്-വെസ്റ്റ് ഇന്‍ഡീസ് പോരാട്ടത്തില്‍ നിതിന്‍ മേനോന്‍ ഓണ്‍-ഫീല്‍ഡ് അംപയറാകും.

ഫെബ്രുവരി 15ന് കൊളംബോയില്‍ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ആവേശകരമായ പോരാട്ടത്തില്‍ റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്തും കുമാര്‍ ധര്‍മ്മസേനയുമായിരിക്കും അംപയര്‍മാര്‍. ഓസ്ട്രേലിയയുടെ റോഡ് ടക്കറാണ് ഏറ്റവും കൂടുതല്‍ ടി20 ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിച്ച അംപയര്‍ (46 മത്സരങ്ങള്‍). ഈ ടൂര്‍ണമെന്റോടെ അദ്ദേഹം 50 മത്സരങ്ങള്‍ എന്ന നേട്ടത്തിലെത്തും.

ഗ്രൂപ്പ് ഘട്ടത്തില്‍ ആകെ 24 അംപയര്‍മാരും 6 മാച്ച് റഫറിമാരുമാണ് മത്സരങ്ങള്‍ നിയന്ത്രിക്കുക. സൂപ്പര്‍ എയിറ്റ്, നോക്കൗട്ട് ഘട്ടങ്ങളിലെ അംപയര്‍മാരെ പിന്നീട് തീരുമാനിക്കും.

YouTube video player