
ലണ്ടന്‍: വനിതാ ലോകകപ്പില്‍ ഓസ്‍ട്രേലിയക്കെതിരായ സെമിഫൈനലിലെ മിന്നും പ്രകടനത്തോടെ എതിരാളികളുടെയെല്ലാം നോട്ടപ്പുള്ളിയായ ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗറിനെ പൂട്ടാന്‍ ഇംഗ്ലണ്ട് ടീമിന് പുരുഷ ടീം മുന്‍ നായകന്‍ നാസര്‍ ഹുസൈന്റ ഉപദേശം. ഓസീസ് സ്‌പിന്നര്‍മാരെ അടിച്ചുപറത്തിയ ഹര്‍മന്‍പ്രീതിനെതിരെ ഫൈനലില്‍ ഇംഗ്ലണ്ട് സ്‌പിന്നര്‍മാരെ ഉപയോഗിക്കരുതെന്നാണ് നാസര്‍ ഹുസൈന്റെ ഉപദേശം.
ഇംഗ്ലണ്ട് കിരീടം ആഗ്രഹിക്കുന്നുവെങ്കില്‍ ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിന് എനിക്ക് നല്‍കാനുള്ള ഒരേയൊരു ഉപദേശം ഇതാണ്, ഹര്‍മന്‍പ്രീത് ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ സ്‌പിന്നര്‍മാര്‍ക്ക് ഒരുകാരണവശാലും പന്ത് കൊടുക്കരുത്. കാരണം ഡെര്‍ബിയില്‍ ഓസീസ് സ്‌പിന്നര്‍മാരെ ഒരു ദാക്ഷിണ്യവുമില്ലാതെ ഹര്‍മന്‍പ്രീത് അടിച്ചുപറത്തുന്നത് നമ്മളെല്ലാവരും കണ്ടതാണ്. ഹര്‍മനെ പിടിച്ചുകെട്ടിയാല്‍ ഇംഗ്ലണ്ടിന് വിജയസാധ്യതയുണ്ടെന്നും നാസര്‍ ഹുസൈന് വ്യക്തമാക്കി.
ഫൈനലില്‍ ഇന്ത്യയെ കീഴടക്കി ഇംഗ്ലണ്ട് കിരീടം നേടുമെന്നും നാസര്‍ ഹുസൈന്‍ പ്രവചിച്ചു. എങ്കിലും ഞായറാഴ്ചത്തെ ഫൈനലില്‍ മികച്ച പോരാട്ടം കാണാനാവും. കാരണം, ഈ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ഒരേയൊരു ടീമാണ് ഇന്ത്യ. ഓള്‍ റൗണ്ട് മികവില്‍ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം ഇംഗ്ലണ്ടിനുണ്ടെന്നും ഫൈനലില്‍ ഇത് ഇംഗ്ലണ്ടിന് അനുകൂലമാകുമെന്നും നാസര്‍ ഹുസൈന് വ്യക്തമാക്കി. ഹര്‍മന്‍പ്രീതിന് പുറമെ ഇന്ത്യന്‍ നായിക മിതാലി രാജിനെയും ഓപ്പണര്‍ സ്മൃതി മന്ദനയെയും ഇംഗ്ലണ്ട് കരുതിയിരിക്കണമെന്നും ഹുസൈന്‍ മുന്നറിയിപ്പ് നല്‍കി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയപ്പോള്‍ 90 റണ്‍സെടുത്ത സ്മൃതി മന്ദന ആയിരുന്നു ടോപ് സ്കോറര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!