വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്‌ക്കെതിരെ മുംബൈ 444 റൺസ് അടിച്ചെടുത്തു. 75 പന്തിൽ 157 റൺസെടുത്ത സർഫറാസ് ഖാനാണ് മുംബൈയുടെ കൂറ്റൻ സ്കോറിന് ചുക്കാൻ പിടിച്ചത്.
ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്‌ക്കെതിരായ മത്സരത്തില്‍ 444 റണ്‍സ് അടിച്ചെടുത്ത് മുംബൈ. ജയ്പൂരില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈയെ 75 പന്തില്‍ 157 റണ്‍സെടുത്ത സര്‍ഫറാസ് ഖാനാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ സഹോദരന്‍ മുഷീര്‍ ഖാന്‍ (60), ഹാര്‍ദിക് താമോറെ (53) എന്നിവരുടെ ഇന്നിംഗ്‌സുകളും നിര്‍ണായകമായി. യശസ്വി ജയ്‌സ്വാള്‍ 64 പന്തില്‍ 46 റണ്‍സെടുത്ത് പുറത്തായി. ദര്‍ശന്‍ മിസാല്‍ ഗോവയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഗോവയ്ക്ക് വേണ്ടി എട്ട് ഓവര്‍ എറിഞ്ഞ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ 78 റണ്‍സ് വിട്ടുകൊടുത്തു.
സ്‌കോര്‍ബോര്‍ഡില്‍ 31 റണ്‍സുള്ളപ്പോള്‍ തന്നെ മുംബൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 11 റണ്‍സെടുത്ത ആംഗ്കൃഷ് രഘുവന്‍ഷി മടങ്ങി. തുടര്‍ന്ന് ജയ്‌സ്വാളിനൊപ്പം ചേര്‍ന്ന് മുഷീര്‍ 70 റണ്‍സ് മുംബൈ ടോട്ടലിനൊപ്പം ചേര്‍ത്തു. എന്നാല്‍ ജയ്‌സ്വാള്‍ 21-ാം ഓവറില്‍ മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ സര്‍ഫറാസ് അടിയോടടി. മുഷീറിനൊപ്പം 93 റണ്‍സാണ് സര്‍ഫറാസ് അടിച്ചെടുത്തത്. 31-ാം ഓവറില്‍ മുഷീര്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 194 റണ്‍സുണ്ടായിരുന്നു. പിന്നീടെത്തിയ സിദ്ധേഷ് ലാഡ് (17), ഷാര്‍ദുല്‍ താക്കൂര്‍ (8 പന്തില്‍ 27) എന്നിവര്‍ ചെറിയ സംഭാവന നല്‍കി.
42-ാം ഓവറില്‍ സര്‍ഫറാസും മടങ്ങി. 14 സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സര്‍ഫറാസിന്റെ ഇന്നിംഗ്‌സ്. പിന്നീട് തമോറെ, ഷംസ് മുലാനി (22), തനുഷ് കൊട്ടിയാന്‍ (12 പന്തില്‍ പുറത്താവാതെ 23), തുഷാര്‍ ദേശ്പാണ്ഡെ (3 പന്തില്‍ പുറത്താവാതെ 7), എന്നിവരുടെ ഇന്നിംഗ്‌സുകള്‍ സ്‌കോര്‍ 400ക ടത്താന്‍ സഹായിച്ചു. ദര്‍ശന് പുറമെ ലളിത് യാദവ്, കൗശിക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനെത്തിയ ഗോവ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 26 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തിട്ടുണ്ട്. ലളിത് യാദവ് (20), അഭിനവ് തേജ്‌റാന (15) എന്നിവരാണ് ക്രീസില്‍.

