ഐസിസി ഏകദിന റാങ്കിംഗ്; നേട്ടം കൊയ്ത് ഇന്ത്യന്‍ താരങ്ങള്‍

By Web DeskFirst Published Oct 30, 2016, 5:07 PM IST
Highlights

ദുബായ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനം ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടമായി. അക്ഷര്‍ പട്ടേലാണ് പുതിയ റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്ത ഇന്ത്യന്‍ താരം. ബൗളര്‍മാരുടെ പുതിയ റാങ്കിംഗില്‍ ആദ്യമായി ആദ്യ പത്തിനുള്ളിലെത്തിയ അക്ഷര്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്താണ്. അഞ്ചാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ മാന്‍ ഓഫ് ദ് മാച്ചും മാന്‍ ഓഫ് ദ് സീരീസുമായ അമിത് മിശ്ര 25 സ്ഥാനങ്ങള്‍ ഉയര്‍ന്ന് പന്ത്രണ്ടാം സ്ഥാനത്തെത്തി.

ആദ്യ പത്തിലെത്തിയ ഏക ഇന്ത്യന്‍ ബൗളറും അക്ഷര്‍ പട്ടേലാണ്. ഏകദിന പരമ്പരയില്‍ കളിക്കാതിരുന്ന ആര്‍ അശ്വിന്‍ മൂന്ന് സ്ഥാനങ്ങള്‍ താഴോട്ടിറങ്ങി പതിനാറാം സ്ഥാനത്തായി. ന്യൂസിലന്‍ഡ് താരം ട്രെന്‍റ് ബൗള്‍ട്ടാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിന്റെ സുനില്‍ നരെയ്ന്‍ രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍ മൂന്നാം സ്ഥാനത്തുമാണ്.

ബാറ്റിംഗില്‍ ഒരു സെ‌ഞ്ചുറി അടക്കം ഇന്ത്യയുടെ ടോപ് സ്കോററായ വിരാട് കൊഹ്‌ലി ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡവില്ലിയേഴ്സിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. ടീം റാങ്കിംഗില്‍ ഇന്ത്യ ഇപ്പോഴും നാലാമത് തന്നെയാണ്. എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡുമായുള്ള പോയിന്റ് വ്യത്യാസം മൂന്നില്‍ നിന്ന് ഒരു പോയന്റായി കുറയ്ക്കാന്‍ പരമ്പര ജയത്തിലൂടെ ഇന്ത്യക്കായി. 4-1ന് പരമ്പര നേടിയിരുന്നെങ്കില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനത്തേക്ക് കയറാനാകുമായിരുന്നു.

 

click me!