34 പന്തിൽ 11 ഫോറുകളും ഒരു സിക്‌സും ഉൾപ്പെടെ പുറത്താകാതെ 69 റൺസ് നേടിയ ഷെഫാലിയുടെ പ്രകടനത്തിൽ ശ്രീലങ്ക ഉയർത്തിയ 129 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 11.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു

വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി 20 യിൽ ഇന്ത്യക്ക് അനായാസ ജയം. ഷെഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യൻ വനിതകൾക്ക് ഗംഭീര വിജയം സമ്മാനിച്ചത്. 34 പന്തിൽ 11 ഫോറുകളും ഒരു സിക്‌സും ഉൾപ്പെടെ പുറത്താകാതെ 69 റൺസ് നേടിയ ഷെഫാലിയുടെ പ്രകടനത്തിൽ ശ്രീലങ്ക ഉയർത്തിയ 129 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 11.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ജെമീമ റോഡ്രിഗസ് 26 ഉം സ്‌മൃതി മന്ദാന 14 ഉം ഹർമൻപ്രീത് കൗർ പുറത്താകാതെ 10 ഉം റൺസ് നേടി. ശ്രീലങ്കൻ വിജയലക്ഷ്യത്തിന് മുന്നിൽ തുടക്കത്തിൽ തന്നെ ഒരു സിക്സും ഒരു ഫോറും നേടിയ മന്ദാന മികച്ച തുടക്കമാണ് നൽകിയത്. പിന്നീട് ഷെഫാലിയുടെ വെടിക്കെട്ടാണ് വിശാഖപട്ടണം സ്റ്റേഡിയം കണ്ടത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാഅണ് 128 റൺസെടുത്തത്. ഹർഷിത സമരവിക്രമ 33 ഉം ക്യാപ്റ്റൻ ചമാരി അത്താപത്തു 31 ഉം ഹസിനി പെരേര 22 ഉം റൺസെടുത്തു. ഇന്ത്യയ്ക്കായി ശ്രീ ചരണിയും വൈഷ്ണവി ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ മത്സരത്തിലും ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. ഇന്നത്തെ ഏഴ് വിക്കറ്റിന്റെ ജയത്തോടെ ഇന്ത്യ 2 - 0ത്തിന് പരമ്പരയിൽ മുന്നിലെത്തി. അടുത്ത മൂന്ന് മത്സരങ്ങൾ തിരുവനന്തപുരത്ത് വെച്ച് നടക്കും.

ഇനി പോരാട്ടം തിരുവനന്തപുരത്ത്

കായിക പ്രേമികള്‍ക്ക് ആവേശമായി ലോക ജേതാക്കളായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നാളെ കേരളത്തിലെത്തും. ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കായിട്ടാണ് ടീമുകള്‍ നാളെ തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്. ഡിസംബർ 26, 28, 30 തീയതികളിലായി കാര്യവട്ടം സ്പോര്‍ട്സ് ഹബ് ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചാകും മത്സരങ്ങള്‍ നടക്കുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നിർണായകമായ മൂന്നു മത്സരങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. നാളെ ( ബുധനാഴ്ച) വൈകുന്നേരം 5.40 ന് പ്രത്യേക വിമാനത്തില്‍ എത്തുന്ന ടീമുകള്‍ക്ക് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 25-ന് ഉച്ചയ്ക്ക് 2:00 മുതൽ 5:00 വരെ ശ്രീലങ്കൻ ടീമും, വൈകിട്ട് 6:00 മുതൽ രാത്രി 9:00 വരെ ഇന്ത്യൻ ടീമും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.