'പന്ത് ചുരണ്ടല്‍': വിലക്ക് നേരിടുന്ന ഓസീസ് താരങ്ങള്‍ക്ക് സന്തോഷ വാര്‍ത്ത

By Web TeamFirst Published Nov 7, 2018, 5:25 PM IST
Highlights

താരങ്ങളുടെ വിലക്ക് കുറയ്ക്കില്ലെന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്‍ ചെയര്‍മാന്‍ ഡേവിഡ് പീവെറിന്‍റെ വാക്കുകള്‍ തള്ളി സിഇഒ കെവിന്‍ റോബര്‍ട്ട്സ്. വിലക്ക് പിന്‍വലിക്കണമെന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേര്‍‌സ് അസോസിയേഷന്‍റെ അപേക്ഷയ്ക്ക്...
 

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍, യുവതാരം കാമറോണ്‍ ബാന്‍ക്രോഫ്‌റ്റ് എന്നിവരുടെ വിലക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ കുറച്ചേക്കുമെന്ന് സൂചന. മൂവരുടെയും വിലക്ക് ഉടന്‍ പിന്‍വലിക്കുന്നത് പരിഗണനയിലാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്ട്സ് വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേര്‍‌സ് അസോസിയേഷന്‍റെ കടുത്ത സമ്മര്‍ദ്ധമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മനംമാറ്റത്തിന് കാരണം.  

താരങ്ങളുടെ വിലക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേര്‍‌സ് അസോസിയേഷന്‍റെ അപേക്ഷ കഴിഞ്ഞ ദിവസം ലഭിച്ചതായി കെവിന്‍ റോബര്‍ട്ട്സ് സ്ഥിരീകരിച്ചു. ഈ അപേക്ഷയെ മാനിക്കുന്നതായും അര്‍ഹമായ പരിഗണന നല്‍കുമെന്നും അദേഹം വ്യക്തമാക്കി. എന്നാല്‍ ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുന്‍പ് വിലക്ക് പിന്‍വലിക്കുന്നത് പരിഗണിക്കുമോ എന്ന് റോബര്‍ട്ട്‌സ് വ്യക്തമാക്കിയിട്ടില്ല.

താരങ്ങളുടെ വിലക്ക് കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്‍ ചെയര്‍മാന്‍ ഡേവിഡ് പീവെര്‍ കഴിഞ്ഞ വാരം രംഗത്തെത്തിയിരുന്നു. താരങ്ങളുടെ വിലക്ക് കുറയ്ക്കണമെന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേര്‍‌സ് അസോസിയേഷന്‍റെ ആവശ്യം അന്ന് തള്ളുകയായിരുന്നു. എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പുതിയ സിഇഒ ആയ കെവിന്‍ റോബര്‍ട്ട്സിന്‍റെ വാക്കുകള്‍ മൂവര്‍ക്കും ഉടന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള വഴി തെളിക്കുകയാണ്. 

മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദം അരങ്ങേറിയത്. തുടര്‍ന്ന് സ്മിത്തിനെയും വാര്‍ണറെയും 12 മാസത്തേക്കും ബാന്‍ക്രോഫ്‌റ്റിനെ ഒമ്പത് മാസത്തേക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കുകയായിരുന്നു. നിലവിലെ നിയമമനുസരിച്ച് സ്‌മിത്തിനും വാര്‍ണര്‍ക്കും ഏപ്രില്‍ 21വരെയും ബാന്‍ക്രോഫ്‌റ്റിന് ജനുവരിവരെയും വിലക്ക് നേരിടണം.

click me!