ബാലന്‍ ഡി ഓര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെന്ന് സൂചന

By Web DeskFirst Published Dec 6, 2017, 7:00 PM IST
Highlights

പാരിസ്: ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ പുരസ്കാരം റയല്‍ മാഡ്രിഡിന്‍റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടാന്‍ സാധ്യത. ബാഴ്‌സലോണയുടെ അര്‍ജന്‍റനീനന്‍ സൂപ്പര്‍താരം ലിയോണല്‍ മെസിയെ മറികടന്ന് റൊണാള്‍ഡോ പുരസ്കാരം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്ലബ് തലത്തില്‍ കൂടുതല്‍ ഗോള്‍ നേടിയത് ലിയോണല്‍ മെസിയാണെങ്കിലും വമ്പന്‍മാരുടെ പോരാട്ടങ്ങളില്‍ കൂടുതല്‍ മികച്ച് നിന്നത് റയല്‍ മാഡ്രിഡ് താരമാണ്. 

ബാഴ്സലോണക്കായി മെസി 48 ഗോളുകള്‍ നേടിയപ്പോള്‍ റൊണാള്‍ഡോക്ക് 37 തവണ മാത്രമേ വലകുലുക്കാനായുള്ളൂ. മെസി ഓരോ 97.1 മിനുറ്റിലും ഗോള്‍ കണ്ടെത്തിയപ്പോള്‍ റൊണാള്‍ഡോ ശരാശരി 103.35 മിനുറ്റുകളുടെ ഇടവേളയിലാണ് ഗോള്‍ നേടിയത്. എന്നാല്‍ ദേശീയ കുപ്പായത്തില്‍ റൊണാള്‍ഡോ 11 കളികളില്‍ നിന്ന് 11 ഗോളുകള്‍ നേടിയപ്പോള്‍ മെസിക്ക് എഴ് മത്സരങ്ങളില്‍ നാല് ഗോളുകള്‍ മാത്രമേ നേടാനായുള്ളൂ.

ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മെസി റൊണാള്‍ഡോയേക്കാള്‍ വളരെ മുന്നിലാണെങ്കിലും വമ്പന്‍ പോരാട്ടങ്ങളില്‍ കാലിടറി. മെസിയുടെ താരപകിട്ട് ഉണ്ടായിട്ടും അര്‍ജന്‍റീനയക്ക് ലോകകപ്പ് പ്രവേശം എളുപ്പമായിരുന്നില്ല. അതേസമയം  ലാലിഗയില്‍ കാലിടറിയിട്ടും ചാമ്പ്യന്‍സ് ലീഗില്‍ റയല്‍താരം മിന്നും ഫോമിലാണ്. ചാമ്പ്യന്‍സ്‌ ഉള്‍പ്പെടെ മൂന്ന് ലീഗ് ഫൈനലുകളില്‍ റയലിനായി ഗോള്‍ നേടിയത് ക്രിസ്റ്റ്യാനോയുടെ മാറ്റ് കൂട്ടുന്നു.


 

click me!