മെസി ആദ്യ മൂന്നിലില്ല; ആരാധകരെ ഞെട്ടിച്ച് ബാലന്‍ ഡി ഓര്‍ പട്ടിക ചോര്‍ന്നു

By Web TeamFirst Published Nov 28, 2018, 10:31 AM IST
Highlights

1956ല്‍ തുടങ്ങിയ ബാലന്‍ ഡി ഓര്‍ അവസാന പത്തുവര്‍ഷം മെസിയോ റൊണള്‍ഡോയോ മാത്രമേ നേടിയിട്ടുള്ളു. ഇരുവരും അഞ്ചുതവണ വീതം പുരസ്‌കാരം സ്വന്തമാക്കി

മാഡ്രിഡ്: ലോകം ബാലന്‍ ഡി ഓര്‍ വിജയി ആരായിരിക്കുമെന്ന കാത്തിരിപ്പ് തുടരുമ്പോള്‍ വിജയികളുടെ പട്ടിക ചോര്‍ന്നു. ഡിസംബര്‍ മൂന്നിന് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് സ്പാനിഷ് റേഡിയോ ആണ് വിജയി ആരാണെന്നുള്ള വിവരം പുറത്ത് വിട്ടിരിക്കുന്നത്.

നേരത്തെ, ലൂക്കാ മോഡ്രിച്ച്, കെയ്‍ലിയന്‍ എംബാപെ, റാഫേല്‍ വരേന്‍ എന്നിവരാണ് വോട്ടിംഗില്‍ മുന്നിലെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. എന്നാല്‍, ലൂക്കാ മോഡ്രിച്ച് ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ പുരസ്കാരം സ്വന്തമാക്കുമെന്നാണ് സ്പാനിഷ് റേഡിയോ പുറത്ത് വിടുന്നത്.

ക്രൊയേഷ്യ-റയല്‍ മാഡ്രിഡ് താരം ആദ്യ സ്ഥാനം സ്വന്തമാക്കുമ്പോള്‍ രണ്ടാം സ്ഥാനം കൊണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് തൃപ്തിപ്പെടേണ്ടി വരും. മൂന്നാം സ്ഥാനം ഫ്രാന്‍സിന്‍റെയും അത്‍ലറ്റിക്കോയുടെയും സൂപ്പര്‍ താരം ആന്‍റോണിയോ ഗ്രീസ്മാനാണ്.

പട്ടികയില്‍ ആദ്യ മൂന്നില്‍ പോലും ലിയോണല്‍ മെസി എത്തില്ലെന്നാണ് ചോര്‍ന്ന പട്ടികയില്‍ പറയുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ വിജയിയാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതും ലോകകപ്പ് കലാശ പോരാട്ടം വരെ ക്രൊയേഷ്യയെ നയിച്ചതുമാണ് ലൂക്ക് മോഡ്രിച്ചിന് തുണയാകുന്നത്.

എന്നാല്‍, പുതിയ സീസണില്‍ മോശം ഫോമിലുള്ള താരത്തിന് പുരസ്കാരം നേടാന്‍ സാധിക്കില്ലെന്നാണ് കഴിഞ്ഞ മൂന്ന് മാസമായി ഫുട്ബോള്‍ പണ്ഡിതന്മാര്‍ വിലയിരുത്തിയിരുന്നത്. നേരത്തെ, ഫിഫയുടെയും യുവേഫയുടെയും മികച്ച താരമായി മോഡ്രിച്ച് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

1956ല്‍ തുടങ്ങിയ ബാലന്‍ ഡി ഓര്‍ അവസാന പത്തുവര്‍ഷം മെസിയോ റൊണള്‍ഡോയോ മാത്രമേ നേടിയിട്ടുള്ളു. ഇരുവരും അഞ്ചു തവണ വീതം പുരസ്‌കാരം സ്വന്തമാക്കി. 2016ലും 17ലും റൊണാള്‍ഡോയ്ക്കായിരുന്നു പുരസ്‌കാരം. ഡിസംബര്‍ മൂന്നിന് പാരീസിലാണ് ബാലന്‍ ഡി ഓര്‍ ജേതാവിനെ പ്രഖ്യാപിക്കുക. ചരിത്രത്തില്‍ ആദ്യമായി ഇത്തവണ മികച്ച വനിതാ താരത്തിനും ബാലന്‍ ഡി ഓര്‍ നല്‍കുന്നുണ്ട്.

🚨🚨🚨LUKA MODRIC será el BALÓN DE ORO 2018

1. Luka Modric
2. Cristiano Ronaldo
3. Antoine Griezmann

Informa en pic.twitter.com/ZzuyMLbkL7

— Radioestadio (@Radioestadio)
click me!