അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അവതരിപ്പിച്ച പ്ലാനിനോട് യെസ് അല്ലെങ്കില്‍ നോ എന്ന മറുപടി നല്‍കണമെന്ന കർശന നിർദേശമാണ് മന്ത്രി ക്ലബ്ബുകള്‍ക്ക് മുന്നില്‍ വെച്ചത്.
ദില്ലി: ഐഎസ്എൽ പന്ത്രണ്ടാം സീസണിൽ ക്ലബുകൾ കളിക്കുന്നത് രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി. കേന്ദ്രകായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോഗത്തിൽ, സാമ്പത്തിക കാര്യങ്ങളിൽ ടീമുകൾക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. എന്നാൽ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അവതരിപ്പിച്ച പ്ലാനിനോട് യെസ് അല്ലെങ്കില്‍ നോ എന്ന മറുപടി നല്‍കണമെന്ന കർശന നിർദേശമാണ് മന്ത്രി ക്ലബ്ബുകള്‍ക്ക് മുന്നില്‍ വെച്ചത്. ലീഗിൽ കളിക്കാം, കളിക്കാതിരിക്കാം. അഞ്ച് ടീം മാത്രമാണെങ്കിലും ലീഗ് നടത്തും. കളിക്കാത്ത ടീമുകൾ തരംതാഴ്ത്തൽ ഉൾപ്പടെയുള്ള നടപടി നേരിടേണ്ടിവരുമെന്നും കായികമന്ത്രാലയം ക്ലബ്ബുകളോട് വ്യക്തമാക്കി.
ഇതോടെയാണ് ടീമുകൾ ഐ എസ് എല്ലിൽ കളിക്കാൻ സന്നദ്ധരായത്. എന്നാല്‍ വരുമാനം പങ്കുവെക്കല്‍, സംപ്രേഷണം,വാണിജ്യ പങ്കാളി, എന്നീ കാര്യങ്ങളിലൊന്നും ധാരണയിലെത്താതെ ഫെഡറേഷന്‍ അവതരിപ്പിച്ച പദ്ധതി അംഗീകരിക്കേണ്ടിവരുന്നതാണ് ക്ലബ്ബുകളെ ആശങ്കയിലാഴ്ത്തുന്നത്. അഞ്ചുമാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഐ എസ് എൽ പുനരാരംഭിക്കാൻ ഇന്നലെ കേന്ദ്ര കായിക മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായത്. ഫെബ്രുവരി 14നാണ് ഐഎസ്എല്ലിന്‍റെ പന്ത്രണ്ടാം സീസൺ തുടങ്ങുന്നത്.
ക്ലബ് പ്രതിനിധികൾക്ക് പുറമെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ഭാരവാഹികളും കായികമന്ത്രി നടത്തിയ ചർച്ചയില്‍ പങ്കെടുത്തിരുന്നു. പതിനാല് ടീമുകളും ലീഗിൽ പങ്കെടുക്കും. ആകെ 91 മത്സരങ്ങളാകും ഉണ്ടാകുക. ഒറ്റ വേദിയിലും ചില മത്സരങ്ങൾ ഹോം ആൻഡ് എവേ അടിസ്ഥാനത്തിലുമാണ് നടക്കുക.
ലീഗിന്റെ നടത്തിപ്പിനായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ 10 കോടി രൂപ ചെലവഴിക്കും. ഇതിന് പുറമെ പങ്കെടുക്കുന്ന ഓരോ ക്ലബ്ബുകളും ഫ്രാഞ്ചൈസി ഫീസായി ഒരു കോടി രൂപ വീതം ഫെഡറേഷന് നല്‍കണം. ഈ തുകയും ചേര്‍ത്ത് 24 കോടി രൂപയാകും ലീഗിന്‍റെ ആകെ നടത്തിപ്പിനായി ഫെഡറേഷന്‍ ചെലവഴിക്കുക. ഫെഡറേഷന്‍ ചെലവഴിക്കുന്ന 10 കോടി രൂപയില്‍ ഭൂരിഭാഗവും സ്പോണ്‍സര്‍മാരില്‍ നിന്ന് കണ്ടെത്താനാണ് ശ്രമം. ഇതോടെ ഫെഡറേഷന്‍റെ സാമ്പത്തിക ബാധ്യത ഗണ്യമായി കുറയും. ഐഎസ്എല്ലിനൊപ്പം തന്നെ 55 മത്സരങ്ങളുളള ഐ ലീഗും നടക്കും. 11 ക്ലബുകളാണ് ഐലീഗിൽ ഉണ്ടാവുക. ഐ ലീഗിനായി ഫെഡറേഷന്‍ മൂന്ന് കോടി 20 ലക്ഷം രൂപയാണ് ചെലവഴിക്കുക.


