മുഷ്‌ഫിഖുറിന് ഇരട്ട സെഞ്ചുറി; ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍, സിംബാബ്‌വെയ്ക്ക് തകര്‍ച്ച

By Web TeamFirst Published Nov 12, 2018, 5:51 PM IST
Highlights

മുഷ്‌ഫിഖുര്‍ റഹീമിന്‍റെ ഇരട്ട സെഞ്ചുറിയില്‍ സിംബാബ്‌വെക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ‌സ്‌കോര്‍. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെയ്ക്ക് തുടക്കം പാളി...

ധാക്ക: വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഷ്‌ഫിഖുര്‍ റഹീമിന്‍റെ ഇരട്ട സെഞ്ചുറിയില്‍ സിംബാബ്‌വെക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ‌സ്‌കോര്‍. ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് 522 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. റഹീം 219 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മൊമിനുല്‍ ഹഖ് 161 റണ്‍സുമെടുത്തു. പുറത്താകാതെ 68 റണ്‍സെടുത്ത മെഹിദി ഹസനും ബംഗ്ലാദേശിനെ കൂറ്റന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 

ഇമ്രുല്‍ കയീസ്(0) ലിതണ്‍ ദാസ്(9) മുഹമ്മദ് മിഥുന്‍(0) എന്നിവര്‍ പുറത്താകുമ്പോള്‍ ബംഗ്ലാ സ്‌കോര്‍ 26-3. എന്നാല്‍ നാലാം വിക്കറ്റില്‍ 266 റണ്‍സ് കൂട്ടിച്ചേര്‍ത്ത മൊമിനുല്‍- റഹീം സഖ്യം ബംഗ്ലാദേശിനെ കരകയറ്റി. മൊമിനുല്‍ പുറത്താശേഷം തൈജുല്‍(4), നായകന്‍ മഹമ്മുദുള്ള(36) ആരിഫുല്‍ ഹഖ്(4) എന്നിവര്‍ക്കും തിളങ്ങാനായില്ല. എന്നാല്‍ വാലറ്റത്ത് മൊഹിദി ഹസനെ കൂട്ടുപിടിച്ച് റഹീം ബംഗ്ലാദേശിനെ മികച്ച സ്കോറിലെത്തിക്കുകയായിരുന്നു. 

ടെസ്റ്റില്‍ ബംഗ്ലാദേശ് താരത്തിന്‍റെ ഉയര്‍ന്ന സ്കോറാണ് മുഷ്‌ഫിഖുര്‍ റഹീം നേടിയത്. വിക്കറ്റ് കീപ്പറായി ബംഗ്ലാദേശ് താരത്തിന്‍റെ രണ്ടാം ഇരട്ട സെഞ്ചുറി കൂടിയാണിത്. 421 പന്ത് നേരിട്ട താരം 18 ബൗണ്ടറിയും ഒരു സിക്‌സും പറത്തി. സിംബാബ്‌വെക്കായി ജാര്‍വിസ് അഞ്ച് വിക്കറ്റ് നേടിയിട്ടും പ്രയോജനമുണ്ടായില്ല.  

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 25 റണ്‍സ് എന്ന നിലയിലാണ്. 14 റണ്‍സെടുത്ത ഹാമില്‍ട്ടണ്‍ മസാക്കദ്‌സയെ തൈജുല്‍ ഇസ്ലാം പുറത്താക്കി. ബംഗ്ലാദേശ് സ്‌കോറിനൊപ്പമെത്താന്‍ സിംബാബ്‌വെയ്ക്ക് 497 റണ്‍സ് കൂടി വേണം. ചാരിയും(10), തിരിപനോയുമാണ്(0) ക്രീസില്‍. 

click me!