
ലണ്ടന്‍: ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഫൈനലിസ്റ്റുകള്‍ ആരൊക്കെയെന്ന് പ്രവചിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. സ്പോര്‍ട്സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് ലാറ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ആരൊക്കെയാവും ഏറ്റുമുട്ടുക എന്ന് പ്രവചിച്ചത്.
നിലവിലെ ഫോം നോക്കിയാല്‍ ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടുമാകും ഫൈനലില്‍ ഏറ്റുമുട്ടുകയെന്ന് ലാറ പറഞ്ഞു. പാക്കിസ്ഥാന്‍ ടൂര്‍ണമെന്റില്‍ കറുത്ത കുതിരകളായേക്കുമെന്നും ലാറ വ്യക്തമാക്കി. ആതിഥേയരെന്ന നിലയിലും കരുത്തുറ്റ ടീമെന്ന നിലയിലും ഇംഗ്ലണ്ടിന് സാധ്യത ഏറെയാണ്. അതുപോലെ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ക്ലിക്ക് ചെയ്താല്‍ ഇന്ത്യക്കും മികച്ച സാധ്യതയുണ്ട്. രോഹിത്തിന്റെയും കോലിയുടെ ഫോം ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമാവും. എന്നാല്‍ ബാറ്റിംഗ് നിരയില്‍ നാലു മുതല്‍ ഏഴു വരെയുള്ള സ്ഥാനങ്ങളില്‍ ഇന്ത്യക്ക് മികച്ച കളിക്കാര്‍ വേണം. ടോപ് ഓര്‍ഡര്‍ എപ്പോഴും ക്ലിക്ക് ചെയ്യുമെന്ന് ഉറപ്പു പറയാനാവില്ല. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ എങ്ങനെ കളിക്കുന്നു എന്നതും പ്രധാനമാണെന്നും ലാറ പറഞ്ഞു.
ഇന്ത്യക്കെതിരായ പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മോശം പ്രകടനത്തില്‍ നിരാശനാണെന്നും ലാറ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ വിന്‍ഡീസിന് മഹത്തായൊരു പാരമ്പര്യമുണ്ട്. മൂന്ന് ദിവസം കൊണ്ട് അവസാനിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ വിന്‍ഡീസ് ക്രിക്കറ്റിന് നല്ല സൂചനയല്ല നല്‍കുന്നതെന്നും ലാറ പറഞ്ഞു. ആധുനികകാലത്ത് ക്രിക്കറ്റില്‍ തിളങ്ങണമെങ്കില്‍ സ്വാഭാവിക പ്രതിഭ മാത്രം പോര. കോലിയെ നോക്കു, അയാളുടെ കായികക്ഷമതയും കളിയെ അടുത്ത നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന അയാളുടെ മികവും കണ്ടുപഠിക്കേണ്ടതാണെന്നും ലാറ പറഞ്ഞു. അടുത്തവര്‍ഷം മെയ്-ജൂണ്‍ മാസങ്ങളിലായി ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!