
മാഡ്രിഡ്: സ്പാനിഷ് ലീഗിൽ ബാഴ്‍സലോണ ലെഗാനസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചു. പകരക്കാരനായി ഇറങ്ങിയ ലിയോണൽ മെസിയുടെ മികച്ച പ്രകടനമാണ് ബാഴ്‍സയ്ക്ക് ജയമൊരുക്കിയത്. നൗക്യാമ്പിൽ ബാഴ്സയ്ക്കായി ആദ്യം ഗോൾ നേടിയത് 32 ാം മിനിട്ടില്‍ ഒസ്മാൻ ഡെംബലെയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മാർട്ടിൻ ബ്രാത്‍വെയ്റ്റിലൂടെ ലെഗാനസ് ഗോള്‍ മടക്കിയതോടെ പോരാട്ടം ആവേശകരമായി.
മത്സരം കൈവിടുമെന്നായപ്പോൾ ലിയോണൽ മെസിയെ ബാഴ്‍സ കോച്ച് വെൽവർദ്ദെ മൈതാനത്തേക്കയച്ചു. 71ാം മിനിട്ടില്‍ മെസിയുടെ ഗോളെന്നുറച്ച ഷോട്ട് മികച്ച ഡൈവിലൂടെ ലെഗാനസ് ഗോളി തടഞ്ഞെങ്കിലും റീബൗണ്ട് വലയിലാക്കി സുവാരസ് ബാഴ്സയ്ക്ക് ലീഡ് നൽകി. ഇഞ്ചുറി ടൈമിൽ ഒരു ഗോൾ സ്വന്തം പേരിൽ ചേർത്ത് മെസി പട്ടിക പൂർത്തിയാക്കി.
മറ്റൊരു മത്സരത്തില്‍ കരുത്തരായ റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് സെവിയയെ പരാജയപ്പെടുത്തി. 78-ാം മിനിറ്റില്‍ കാസിമെറോയും ഇഞ്ചുറി ടൈമില്‍(90+2) മോഡ്രിച്ചും ഗോള്‍ നേടി. മത്സരത്തില്‍ 70 ശതമാനം സമയവും റയലാണ് പന്ത് കൈവശം വച്ചത്. അത്ലറ്റിക്കോ മാഡ്രിഡും വിജയം സ്വന്തമാക്കിയിരുന്നു. വെസ്കയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ലൂക്കാസ്, സാന്റിയാഗോ കോക്കെ എന്നിവർ അത്ലറ്റിക്കോക്കായി ലക്ഷ്യം കണ്ടു.
ലീഗില്‍ 20 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് പോയിന്‍റ് ലീഡുമായി ഒന്നാമതാണ് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ. 46 പോയിന്‍റ് ബാഴ്‍സക്കുള്ളപ്പോള്‍ അത്ലറ്റിക്കോ മാഡ്രിഡ് 41 ഉം റയല്‍ മാഡ്രിഡ് 36 ഉം പോയിന്‍റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!