ക്യാമ്പ് നൗവില്‍ ആഞ്ഞടിച്ച് കറ്റാലന്‍ തിരമാല; മാഡ്രിഡ് തരിപ്പണം

By Web TeamFirst Published Oct 28, 2018, 10:53 PM IST
Highlights

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസിയും ഇല്ലാതെ ഏറെ കാലത്തിന് ശേഷം നടന്ന എല്‍ ക്ലാസിക്കോ പക്ഷേ വാശിക്ക് മാത്രം കുറവൊന്നും വരുത്തിയില്ല

ബാഴ്സലോണ: ക്യാമ്പ് നൗവില്‍ ആഞ്ഞടിച്ച കറ്റാലന്‍ തീരമാലയില്‍ റയല്‍ മാഡ്രിഡ് തരിപ്പണം. ലോകം കാത്തിരുന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയുടെ ഓള്‍ റൗണ്ട് പ്രകടനത്തിന് മുന്നില്‍ മറുപടികളില്ലാകെ റയല്‍ തോല്‍വി സമ്മതിച്ചു. ലൂയിസ് സുവാരസിന്‍റെ ഹാട്രിക് മികവില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മാഡ്രിഡിനെ സ്വന്തം മെെതാനത്ത് ബാഴ്സ കശാപ്പ് ചെയ്തത്.

സുവാരസിനൊപ്പം ഫിലിപ്പെ കുടീഞ്ഞോയും കറ്റാലന്‍ ടീമിന്‍റെ ഗോള്‍പ്പട്ടികയില്‍ ഇടം നേടിയപ്പോള്‍ റയലിന്‍റെ ആശ്വാസ ഗോള്‍ മാഴ്സലോ പേരിലെഴുതി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസിയും ഇല്ലാതെ ഏറെ കാലത്തിന് ശേഷം നടന്ന എല്‍ ക്ലാസിക്കോ പക്ഷേ വാശിക്ക് മാത്രം കുറവൊന്നും വരുത്തിയില്ല.

തിരിച്ചടികള്‍ നിന്ന് കരകയറാന്‍ എല്‍ ക്ലാസിക്കോ വിജയം ലക്ഷ്യമിട്ടിറങ്ങിയ റയലിനെതിരെ കളിയുടെ തുടക്കം മുതല്‍ ബാഴ്സ ആക്രമണം അഴിച്ചു വിട്ടു. 11-ാം മിനിറ്റില്‍ തന്നെ ഫിലിപ്പെ കുടീഞ്ഞോയിലൂടെ കറ്റാലന്‍ ടീം മുന്നിലെത്തി. ജോര്‍ഡി ആല്‍ബ ഇടത് വിംഗിലൂടെ നടത്തിയ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്.

ഗോള്‍ ലെെനിന് അടുത്ത് വരെ പന്തുമായെത്തിയ ആല്‍ബ റയല്‍ പ്രതിരോധത്തിന്‍റെ ക്ഷീണം മുതലാക്കി ബോക്സിന് മധ്യത്ത് നിന്ന് കുടീഞ്ഞോയക്ക് പന്ത് മറിച്ച് നല്‍കി. ആരും തടയാനില്ലാതിരുന്ന കുടീഞ്ഞോ അനായാസം വലകുലുക്കി. ഒരു ഗോള്‍ വഴങ്ങിയതിന്‍റെ ആഘാതം ഒന്ന് മാറും മുമ്പ് മാഡ്രിഡ് വലയില്‍ അടുത്ത ഗോള്‍ എത്തി.

ഇത്തവണ പെനാല്‍റ്റിയാണ് റാമോസിന്‍റെയും സംഘത്തിന്‍റെ പ്രതീക്ഷകളെ തകര്‍ത്തത്. ബോക്സില്‍ സുവാരസിനെ റാഫേല്‍ വരേന്‍ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. ഉറുഗ്വെയന്‍ താരം സുവാരസ് കോട്ടുവയെ നിസഹായനാക്കി പന്ത് വലയിലെത്തിച്ചു.

എങ്ങനെയെങ്കിലും ഒരു ഗോള്‍ തിരിച്ചടിക്കാന്‍ റയല്‍ മുന്നേറ്റ നിര പണിപ്പെട്ടെങ്കിലും മൂര്‍ച്ച കുറഞ്ഞ ആക്രമണ നിരയുടെ നീക്കങ്ങളെല്ലാം ബാഴ്സ എളുപ്പത്തില്‍ അവസാനിപ്പിച്ചു. രണ്ടാം പകുതിയില്‍ വേറിട്ട റയല്‍ മാ‍ഡ്രിഡായിരുന്നു കളത്തില്‍. ഗോള്‍ നേടാന്‍ നിര നിരയായി റയല്‍ താരങ്ങള്‍ ബാഴ്സ ബോക്സിലേക്ക് ഇരച്ചെത്തി. 50-ാം മിനിറ്റില്‍ അതിന്‍റെ ഫലം ലഭിച്ചു.

ഇസ്കോ നല്‍കിയ ക്രോസ് മാഴ്സലോയാണ് വലയിലെത്തിച്ചത്. തുടര്‍ന്നും ആക്രമണം നടത്തിയ റയല്‍ സമനിലയ്ക്ക് വേണ്ടി പൊരുതി. പക്ഷേ, കരീം ബെന്‍സേമ എന്ന മുന്നേറ്റ നിര താരം വരുത്തിയ പിഴവുകള്‍ അവരെ പിന്നോട്ടടിച്ചു. ഇതിനിടെ റയലിന്‍റെ ഗോള്‍ പിറക്കുമെന്ന് കരുതിയ ഘട്ടത്തില്‍ ബാഴ്സ മൂന്നാം ഗോള്‍ സ്വന്തമാക്കി.

സെര്‍ജിയോ റോബര്‍ട്ടോ നല്‍കിയ ക്രോസില്‍ മിന്നല്‍ ഹെഡറിലൂടെ സുവാരസാണ് ഗോള്‍ നേടിയത്. ഇതോടെ റയലിന്‍റെ കാര്യത്തില്‍ തീരുമാനമായി. വിധി കുറിക്കപ്പെട്ടതോടെ മെെതാനത്ത് റയല്‍ താരങ്ങള്‍ കാഴ്ചക്കാരായതോടെ ബാഴ്സ ഗോള്‍ദാഹം മതിയാകാതെ ഇരമ്പിയെത്തി.

83-ാം മിനിറ്റില്‍ റയല്‍ നായകന്‍ സെര്‍ജിയോ റാമോസിന്‍റെ അമളി മുതലാക്കി സുവാരസ് എല്‍ ക്ലാസിക്കോ ഹാട്രിക്ക് ആഘോഷിച്ചു. വീണ റയലിനെ ന്യൂ ക്യാമ്പില്‍ ശരിക്കും നാണം കെടുത്തുകയായിരുന്നു ബാഴ്സ. ഡെംബലേ ഇടത് വിംഗില്‍ നിന്ന് നല്‍കിയ ക്രോസില്‍ വിദാലും കൂടെ സ്കോര്‍ ചെയ്തതോടെ മാഡ്രിഡുകാരുടെ അവസാന ശ്വാസവും നിലച്ചു. തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ എല്‍ ക്ലാസിക്കോയിലേറ്റ പതനം റയല്‍ പരിശീലകന്‍ ജൂലന്‍ ലെപ്റ്റഗ്യൂയിയുടെ ഭാവി അനിശ്ചിതത്വത്തില്‍ ആക്കിയിട്ടുണ്ട്. 

click me!