കളി പഠിപ്പിക്കാന്‍ മാത്രമല്ല കമന്ററി പഠിപ്പിക്കാനും ബിസിസിഐ അക്കാദമി വരുന്നു

By Asianet NewsFirst Published Apr 22, 2016, 10:25 AM IST
Highlights

മുംബൈ: ക്രിക്കറ്റ് കളി പിഠിപ്പിക്കാന്‍ മാത്രമല്ല ക്രിക്കറ്റ് കമന്ററി പഠിപ്പിക്കാനും ബിസിസിഐയുടെ അക്കാദമി വരുന്നു. നാഷണല്‍ കമന്റേറ്റേഴ്സ് അക്കാദമി എന്ന പേരിലായിരിക്കും സ്ഥാപനം വരികയെന്ന് 'ഇന്ത്യന്‍ എക്സ്പ്രസ്' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.  കമന്ററിയില്‍ താല്‍പര്യമുള്ളവരെ ഓണ്‍ എയറില്‍ എങ്ങനെ കളി പറയണമെന്ന് വിദഗ്‌ദര്‍ ഇവിടെ പഠിപ്പിക്കും. കമന്ററിയില്‍ താല്‍പര്യമുള്ള ചെറുപ്പക്കാര്‍ക്കായാണ് ഇത്തരമൊരു ആശയം നടപ്പിലാക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി.

ഇംഗ്ലീഷില്‍ മാത്രമല്ല പ്രാദേശിക ഭാഷയിലും കമന്ററി പഠിപ്പിക്കും.  അതേസമയം, കമന്റേറ്റര്‍മാരെ പൂര്‍ണമായും ബിസിസിയുടെ നിയന്ത്രണത്തിന് കീഴില്‍കൊണ്ടുവരുന്നതിന് മുന്നോടിയായാണ് ബിസിസിഐയുെട ഈ നടപടിയെന്ന് ആരോപണമുണ്ട്. കമന്റേറ്റര്‍മാരെ ഓണ്‍ എയറില്‍ എന്തു പറയണമെന്ന് ഇനി ബിസിസിഐ തീരുമാനിക്കുമെന്നാണ് ഉയരുന്ന ആക്ഷേപം.

അടുത്തിടെ ഐപിഎല്‍ കമന്ററി പാനലില്‍ നിന്ന് പ്രമുഖ കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെയെ ബിസിസിഐ കാരണമൊന്നും കൂടാതെ ഒഴിവാക്കിയിരുന്നു. ഇന്ത്യന്‍ ടീമിലെ ചില മുതിര്‍ന്ന താരങ്ങള്‍ക്കും ബിസിസിഐയിലെ ചില ഉന്നതര്‍ക്കും ഭോഗ്‌ലെയോടുള്ള അതൃപ്തിയാണ് ഇതിന് പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു. ട്വന്റി-20 ലോകകപ്പിനിടെ ഇന്ത്യന്‍ താരങ്ങളെക്കാള്‍ കൂടുതല്‍ ബംഗ്ലാദേശിനെപോലുള്ള മറ്റ് ടീമുകളുടെ പ്രകടനത്തെ പുകഴ്ത്തിയതാണ് ഭോഗ്‌ലെയോട് ബിസിസിഐക്ക് അതൃപ്തിക്കുള്ള കാരണമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

 

click me!