അടിവെച്ച് അടിവെച്ച് ഓസീസ്; അടിതെറ്റി ഇന്ത്യ

By Web DeskFirst Published Mar 5, 2017, 11:20 AM IST
Highlights

ബംഗളൂരു: ഓസ്ട്രേലിയയെ സ്പിന്‍വലയില്‍ കരുക്കി രണ്ടാം ടെസ്റ്റില്‍ തിരിച്ചുവരമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ പൊലിയുന്നു. അശ്വിനെയും ജഡേജയെയും കരുതലോടെ കളിച്ച് മുന്നേറിയ ഓസീസ് ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. ആറു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെന്ന നിലയില്‍ ക്രീസ് വിട്ട ഓസീസിനിപ്പോള്‍ 48 റണ്‍സിന്റെ നിര്‍ണായക ലീഡുണ്ട്. നാലു വിക്കറ്റ് കൂടി ശേഷിക്കെ ബാറ്റിംഗ് ദുഷ്കരമായിക്കൊണ്ടിരിക്കുന്ന പിച്ചില്‍ 100 റണ്‍സിന് മുകളില്‍ ലീഡ് നേടി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാവും മൂന്നാം ദിനം ഓസീസ് ശ്രമിക്കുക. 25 റണ്‍സുമായി മാത്യു വെയ്ഡും 14 റണ്‍സോടെ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.

ഓസീസ് ഓഫ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ പന്തെറിഞ്ഞ പിച്ചിലാണോ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പന്തെറിയുന്നതെന്ന് സംശയിച്ചുപോകും രണ്ടാം ദിനത്തിലെ കളി കണ്ടാല്‍. 20 ഓവറില്‍ ലിയോണ്‍ എട്ടു വിക്കറ്റ് പിഴുത പിച്ചില്‍ രണ്ടാം ദിനം ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനായ അശ്വിന്‍ 41 ഓവര്‍ എറിഞ്ഞെങ്കിലും വീഴ്‌ത്താനായത് കേവലം ഒരു വിക്കറ്റ് മാത്രം. 17 ഓവര്‍ മാത്രമെറിഞ്ഞ ജഡേജ മൂന്ന് വിക്കറ്റ് വീഴ്‌ത്തി മികവു കാട്ടിയില്ലായിരുന്നെങ്കില്‍ രണ്ടാം ദിനം തന്നെ കളി ഇന്ത്യയുടെ കൈവിട്ടുപോവുമായിരുന്നു. ഹൃദയം കൊണ്ട് പന്തെറിഞ്ഞ ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും ഓരോ വിക്കറ്റ് വീഴ്‌ത്തി.

ആദ്യദിനത്തില്‍ ലിയോണിന് കിട്ടിയ ടേണും ബൗണ്‍സുമൊന്നും അശ്വിനും ജഡേജയ്ക്കും ലഭിക്കാതായപ്പോള്‍ ഇന്ത്യ ശരിക്കും വിയര്‍ത്തു. രണ്ടാം ദിനം തുടക്കത്തിലെ അപകടകാരിയായ ഡേവിഡ് വാര്‍ണറെ(33) ക്ലീന്‍ ബൗള്‍ ചെയ്ത് അശ്വിന്‍ വരാനിരിക്കുന്നതിന്റെ സൂചന നല്‍കിയെങ്കിലും പിന്നീട് കാര്യമായൊന്നും സംഭവിച്ചില്ല. കരുതലോടെ കളിച്ച ഓസീസ് റണ്‍സ് വന്നില്ലെങ്കിലും പിടിച്ചുനില്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ലഞ്ചിന് തൊട്ടുമുമ്പ് സ്റ്റീവന്‍ സ്മിത്തിനെ(8) വീഴ്‌ത്തി ജഡേജ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.

അടിച്ചുകളിക്കാതെ പിടിച്ചുനിന്ന ഓസീസ് വല്ലപ്പോഴും റണ്‍സെടുത്ത് ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ചു. ഭാഗ്യത്തിന്റെ അകമ്പടിയോടെ റെന്‍ഷാ(60)യും, ഷോണ്‍ മാര്‍ഷും(66) നടത്തിയ ചെറുത്തുനില്‍പ്പാകട്ടെ ഇന്ത്യയുടെ കണക്കുകൂട്ടല്‍ തകര്‍ക്കുകയും ചെയ്തു. ചായക്കു മുമ്പ് ഹാന്‍ഡ്സ്കോംബിനെയും(16), മിച്ചല്‍ മാര്‍ഷിനെയും(0) മടക്കി ഓസീസിനെ തകര്‍ച്ചയിലേക്ക് തള്ളിവിടാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ മിച്ചല്‍ മാര്‍ഷിന്റെയും മാത്യു വെയ്ഡിന്റെയും പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു.

നാലു വിക്കറ്റ് കൈിലിരിക്കേ ഓസീസിന് മത്സരത്തില്‍ വ്യക്തമായ മേല്‍ക്കൈ ലഭിച്ചു കഴിഞ്ഞു. മൂന്നാം ദിനം ഓസീസ് ലീഡ് 100 കടക്കുന്നത് തടഞ്ഞില്ലെങ്കില്‍ ഈ ടെസ്റ്റിലും ഇന്ത്യയുടെ തിരിച്ചുവരവ് അസാധ്യമാവും.

click me!