
കൊച്ചി: പുതിയ പ്രതീക്ഷയും സ്വപ്നങ്ങളുമായി ഐഎസ്എല്‍ അഞ്ചാം സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച തുടക്കം. ആദ്യ പകുതി അവസാനിച്ചപ്പോള്‍ കേരളത്തിന്‍റെ മഞ്ഞപ്പട മുംബെെ സിറ്റി എഫ്സിക്കെതിരെ ഒരു ഗോളിന് മുന്നിലാണ്.
24-ാം മിനിറ്റില്‍ വല ചലിപ്പിച്ച ഹോളിചരണ്‍ നര്‍സാരിയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് നീലപ്പടയ്ക്കെതിരെ മുന്നിലെത്തിയത്. കളിയുടെ ആദ്യ നിമിഷം മുതല്‍ മികച്ച കളി പുറത്തെടുത്ത ഡേവിഡ‍് ജെയിംസിന്‍റെ ടീം നിരവധി ഗോള്‍ അവസരങ്ങള്‍ക്ക് വഴി തുറന്നു.
അതിനുള്ള പ്രതിഫലം ലഭിച്ചത് 24-ാം മിനിറ്റിലാണെന്ന് മാത്രം. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ സീസണിലെ ആദ്യ ഹോം ഗോളിന് അടുത്ത് വരെ കൊമ്പന്മാര്‍ എത്തി. നര്‍സാരി ഒരുക്കി നല്‍കിയ അവസരത്തില്‍ ദൗങ്കല്‍ കാലുവെച്ചെങ്കിലും അമരീന്ദര്‍ എങ്ങനെയോ രക്ഷപ്പെടുത്തി.
തൊട്ട പിന്നാലെ പോപ്ലാട്നിക്കിനും ഗോളിന് അടുത്ത് വരെയെത്തിയെങ്കിലും കൊച്ചിയില്‍ സന്തോഷം പിറക്കാന്‍ അല്‍പം കൂടെ കഴിയണമായിരുന്നു. 24-ാം മിനിറ്റില്‍ ആ നിമിഷം പിറന്നു. ഗോള്‍ നേടിയത് ഹോളിചരണ്‍ നര്‍സാരിയാണെങ്കിലും അതിന്‍റെ മുഴുവന്‍ മാര്‍ക്കും സെര്‍ബിയന്‍ താരവും ബ്ലാസ്റ്റേഴ്സിന്‍റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുമായ നിക്കോള ക്രെമാരോവിച്ചിന് നല്‍കണം.
വലത് വിംഗില്‍ ക്രെമാരോവിച്ച് മനോഹരമായി ബാക്ക് ഹീലിലൂടെ ബോക്സിനുള്ളിലേക്ക് നല്‍കിയ പന്ത് ഓടിയെടുത്ത ദൗങ്കല്‍ നര്‍സാരിക്ക് മറിച്ച് നല്‍കി. ഒന്ന് പന്തിനെ നിയന്ത്രിച്ച നര്‍സാരി തന്‍റെ ഇടങ്കാലന്‍ ഷോട്ടിലൂടെ അമരീന്ദറിനെ കീഴടക്കി.
ഗോള്‍ വഴങ്ങിയതോടെ കളത്തില്‍ അല്‍പം കൂടെ മെച്ചപ്പെട്ട പ്രകടനം മുംബെെ പുറത്തെടുത്തെങ്കിലും ജിംഗാന്‍റെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ തകര്‍ക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!