ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു

By Web DeskFirst Published Jun 3, 2016, 11:18 PM IST
Highlights

ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദ് അലി (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി അമേരിക്കയിലെ അരിസോണയിലുള്ള ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി പാര്‍ക്കിങ്സണ്‍സ് രോഗവുമായി മല്ലിടുകയായിരുന്നു അദ്ദേഹം. 

1942 ജനുവരി 17ന് അമേരിക്കയിലെ കെന്റുകിയിലുള്ള ലൂയി വില്ലയില്‍ ജനിച്ച അദ്ദേഹം മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും ഒളിമ്പിക് ചാമ്പ്യനായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1960ലെ റോം ഒളിമ്പിക്സില്‍ 81 കിലോഗ്രാം ഹെവി വെയ്റ്റ് ബോക്സിങില്‍ സ്വര്‍ണം നേടിയതോടെ ക്ലാഷ്യസ് ക്ലേ എന്ന മുഹമ്മദ് അലി ലോക പ്രശസ്തിയിലേക്കുയര്‍ന്നു. വെറും 19 വയസുമാത്രമായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം. അമേരിക്കയിലെ വര്‍ണവിവേചനത്തിനെതിരെ പ്രതിഷേധ സൂചകമായി ഇസ്ലാം മതം സ്വീകരിക്കുകയും 1964ല്‍ സ്വന്തം പേര് മുഹമ്മദ് അലി എന്ന് മാറ്റുകയും ചെയ്തു. 1964ല്‍ തന്നെ അദ്ദേഹം ലോക കിരീടം സ്വന്തമാക്കിയെങ്കിലും 1967ല്‍ വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് അത് തിരിച്ചെടുത്തു. ഒരൊറ്റ വിയറ്റ്നാംകാരനും തന്നെ കറുത്തവനെന്ന് വിളിച്ച് അപമാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് അമേരിക്കയിലെ സാമൂഹ്യ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയായിരുന്നു മുഹമ്മദ് അലി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് അലി റിങ്ങില്‍ മടങ്ങിയെത്തിയത്.

1974ല്‍ വീണ്ടും അലി ലോകചാമ്പ്യനായി. 1978ല്‍ കിരീടം നഷ്ടമായെങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചുപിടിച്ചു. 

click me!