Latest Videos

പെറുവും റഫറിയും ചതിച്ചു; തോല്‍വിയില്‍ ബ്രസീലിന് ഇനി സ്വയം ശപിക്കാം

By Web DeskFirst Published Jun 13, 2016, 5:08 AM IST
Highlights

മസാച്യുസെറ്റ്സ്: പെറുവിനോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലില്‍ നിന്ന് ബ്രസീലിയന്‍ ആരാധകര്‍ ഇനിയും മുക്തരായിട്ടില്ല. നെയ്‌മറില്ലെങ്കിലും കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ ദുംഗയുടെ ടീം ക്വാര്‍ട്ടര്‍ പോലും കാണാതെ പുറത്താവുമെന്ന് ആരാധകര്‍ സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല. ആദ്യ കളിയില്‍ ഇക്വഡോറിനോട് ഗോളടിക്കാന്‍ മറന്ന ബ്രസീല്‍ രണ്ടാം മത്സരത്തില്‍ ദുര്‍ബലരായ ഹെയ്തിയെ ഏഴു ഗോളിന് കീഴടക്കിയപ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷിച്ചു. എന്നാല്‍ ഹെയ്ത്തിയ്ക്കൊപ്പം ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ പുറത്താവാനായിരുന്നു മുന്‍ ചാമ്പ്യന്‍മാരുടെ വിധി. ഈ തോല്‍വി ബ്രസീല്‍ ചോദിച്ചുവാങ്ങിയതാണെന്ന് ബ്രസീലിന്റെ കടുത്ത ആരാധകര്‍ പോലും വിശ്വസിക്കുന്നത്.

എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ അഭിപ്രായപ്പെട്ടതുപോലെ റൗള്‍ റൂയിഡാസ് നേടിയ ഹാന്‍ഡ് ഗോള്‍ അവിടെ നില്‍ക്കട്ടെ. അത് തികച്ചും നിര്‍ഭാഗ്യകരവുമാണ്. എന്നാല്‍ ഗോളടിക്കുക എന്നതാണ് ഫുട്ബോളിലെ പ്രാഥമിക പാഠം. ആദ്യ കളിയില്‍ ഇക്വഡോറിനെതിരെയും ഇപ്പോള്‍ പെറുവിനെതിരെയും അത് മറന്ന ബ്രസീല്‍ യഥാര്‍ഥത്തില്‍ കോപ്പയില്‍ ക്വാര്‍ട്ടര്‍ അര്‍ഹിച്ചിരുന്നില്ല. പെറുവിനെതിരെ രണ്ടോ മൂന്നോ ഗോള്‍ ലീഡ് നേടി വിജയം ഉറപ്പാക്കിയിരുന്നെങ്കില്‍ ഭാഗ്യത്തിന്റെയും റഫറിയുടെയും കാരുണ്യത്തില്‍ ലഭിച്ച ഗോളില്‍ പെറുിവന് മുന്നില്‍ കാനറികള്‍ക്ക് കാലിടറി വീഴേണ്ടിവരില്ലായിരുന്നു.

ഹാന്‍ഡ് ഗോളിനുശേഷം സമനില ഗോളിലേക്ക് ബ്രസീലിന് പിന്നെയും സമയമുണ്ടായിരുന്നു. എന്നാല്‍ മത്സരത്തില്‍ 60 ശതമാനത്തിലധികം നേരം പന്ത് കൈവശം വെച്ചിട്ടും ഗോളിലേക്ക് പതിനാല് തവണ ലക്ഷ്യംവെച്ചിട്ടും ഒരുതവണപോലും ലക്ഷ്യം ഭേദിക്കാന്‍ ബ്രസീലിന് ആയില്ലെന്നത് നെയ്മറെ ദുംഗയും സംഘവും എത്രമാത്രം ആശ്രയിക്കുന്നുവെന്നതിന്റെ തെളിവായി. പരിക്ക് ഏത് നിമിഷവും സബ്സ്റ്റ്യൂട്ട് ചെയ്യാവുന്ന ഫുട്ബോളില്‍ ഒരു കളിക്കാരനെ മാത്രം ആശ്രയിച്ച് ഒരു ടീമിന് ഏറെ ദൂരം മുന്നോട്ടുപോവാനാവില്ലെന്നതിന് ബ്രസിലീന്റെ തോല്‍വിയോളം പോന്ന ഉദാഹരണമില്ല, ലോകകപ്പ് സെമിയില്‍ ജര്‍മനിയ്ക്കെതിരെയും സംഭവിച്ചത് അതുതന്നെയായിരുന്നു. ഇപ്പോഴിതാ കോപ്പയിലും കാനറികള്‍ ചിറകറ്റ് വീണിരിക്കുന്നു.

click me!